യു.എ.ഇയിൽ പൊതുമാപ്പ് അവസാനിച്ചു; 3700 ഇന്ത്യക്കാർ എക്സിറ്റ് പാസ് നേടി
കണക്കുകൾ പുറത്തുവിട്ട് ദുബൈ കോൺസുലേറ്റ്
ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം അവസാനിച്ചു. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങിയിരുന്ന 3700 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ എക്‌സിറ്റ് പാസ് സ്വന്തമാക്കിയതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നാലുമാസമാണ് യു.എ.ഇ പൊതുമാപ്പ് അനുവദിച്ചത്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനപരിധിക്ക് കീഴിൽ വരുന്ന ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ കണക്കുകളാണ് കോൺസുലേറ്റ് പങ്കുവെച്ചത്. പതിനയ്യായിരം ഇന്ത്യൻ പ്രവാസികളാണ് പൊതുമാപ്പ് ആനുകൂല്യം സംബന്ധിച്ച സേവനം ആവശ്യപ്പെട്ട് ദുബൈ കോൺസുലേറ്റിനെ സമീപിച്ചത്. ഇവരിൽ 3700 പേർ നാട്ടിലേക്ക് മടങ്ങാൻ എക്‌സിറ്റ് പാസ് കൈപറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട 2117 പേർക്ക് പുതിയ പാസ്‌പോർട്ട് നൽകിയതായി കോൺസുലേറ്റ് അറിയിച്ചു. 3586 പേർക്ക് താൽകാലിക പാസ്‌പോർട്ടായ എമർജൻസി സർട്ടിഫിക്കറ്റും നൽകി. നിരവധിപേർക്ക് ഫീസ് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സാധിച്ചുവെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ പറഞ്ഞു. പൊതുമാപ്പ്കാലത്ത് സേവനത്തിനായി രംഗത്ത് വന്ന സന്നദ്ധപ്രവർത്തകർക്ക് കോൺസുലേറ്റ് നന്ദി അറിയിച്ചു.
Adjust Story Font
16