അർജൻറീന-യു.എ.ഇ സൗഹൃദ മത്സരം നവംബർ 16ന് അബൂദബിയിൽ
അബൂദബി മുഹമ്മദ് ബിൻ സായിദ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻറെ ടിക്കറ്റ് വിൽപന തുടരുകയാണ്
ഖത്തർ ലോകകപ്പിന് മുന്നോടിയായി ലയണൽ മെസ്സിയുടെ അർജൻറീന അബൂദബിയിലേക്ക്. നവംബർ 16ന് യു.എ.ഇ ദേശീയ ടീമുമായാണ് സൗഹൃദ മത്സരം. ലോകകപ്പിന് തൊട്ടുമുൻപ് നടക്കുന്ന മത്സരമായതിനാൽ മെസ്സി ഉൾപെടെയുള്ള മുൻനിര താരങ്ങൾ കളത്തിലിറങ്ങിയേക്കും. അബൂദബി മുഹമ്മദ് ബിൻ സായിദ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻറെ ടിക്കറ്റ് വിൽപന തുടരുകയാണ്. ജനുവരിയിൽ ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി യു.എ.ഇ നാല് പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അർജൻറീനുമായി ഏറ്റുമുട്ടുന്നത്. 19ന് കസാഖിസ്താൻ, 23ന് പരാഗ്വേ, 27ന് വെനിസ്വലേ എന്നിവരുമായാണ് യു.എ.ഇയുടെ മറ്റ് മത്സരങ്ങൾ.
നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജൻറീനയുടെ ആദ്യ ലോകകപ്പ് മത്സരം. യു.എ.ഇയിലെ മത്സര ശേഷം അർജൻറീനൻ സംഘം തൊട്ടടുത്ത ദിവസം തന്നെ ഖത്തറിലേക്ക് തിരിക്കും. ലോകകപ്പിന് പടയൊരുക്കുന്ന മെസ്സിയുടെ സംഘത്തിന്റെ വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ. ലോകകപ്പ് യോഗ്യതക്കരികെ ഇടറി വീണ യു.എ.ഇ ടീമിന് അന്താരാഷ്ട്ര നിലവാരമുള്ള ടീമുമായി കളിക്കാൻ ലഭിക്കുന്ന അവസരം കൂടിയാണിത്. ക്ലബ്ബ് ലോകകപ്പിന് ആതിഥ്യമരുളിയ അബൂദബി മുഹമ്മദ് ബിൻ സായിദ് സ്‌റ്റേഡിയം അർജൻറീന-യു.എ.ഇ ആരാധകരാൽ നിറയുമെന്നുറപ്പ്. കേരളത്തിൽ നിന്നുള്ള അർജൻറീനൻ ആരാധകർ നിരവധിയുള്ള യു.എ.ഇയിൽ ഇരു ടീമുകൾക്കുമായി ആർപ്പുവിളിക്കാൻ കാണികൾ എത്തും. 27 ദിർഹം മുതൽ 5200 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.
അർജൻറീന ഫുട്ബാൾ അസോസിയേഷനും അബൂദബി സ്‌പോർട്‌സ് കൗൺസിലും കഴിഞ്ഞ ജൂണിൽ സഹകരണ കരാർ ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് അർജൻറീനൻ ടീമിന്റെ പരിശീലനവും സൗഹൃദ മത്സരങ്ങളും അബൂബദിയിൽ നടത്താൻ ധാരണയായിരുന്നു. ഈ കരാർ ഒപ്പുവെച്ചതിന്റെ ഫലമായാണ് അർജൻറീന ടീം എത്തുന്നത്. ലോകകപ്പിന്റെ പരിശീലനവും ഇവിടെ നടക്കാൻ സാധ്യതയുണ്ട്. അർജൻറീനയുടെ സൂപ്പർ കോപ്പ ഫൈനൽ മത്സരങ്ങൾ 2023 മുതൽ 26 വരെ തുടർച്ചയായ നാല് വർഷം അബൂദബിയിൽ നടക്കും.
Argentina-UAE friendly match on November 16 in Abu Dhabi
Adjust Story Font
16