Quantcast

വിമാനക്കമ്പനികളുടെ കൊള്ളകാരണം മരിച്ചാലും ദുരിതം; മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങുന്ന ബന്ധുക്കളിൽനിന്ന് ഈടാക്കുന്നത് ലക്ഷങ്ങൾ: അഷ്‌റഫ് താമരശ്ശേരി

അന്യായമായ ടിക്കറ്റ് നിരക്ക് പോലെ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരും മുന്നോട്ടുവരാത്തത് ഏറെ ഖേദകരമാണെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Jun 2023 1:41 AM GMT

Ashraf thamarassery fb post about flight ticket rate
X

ദുബൈ: ഗൾഫിൽ മരിക്കുന്ന പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെപ്പോലും വിമാനക്കമ്പനികൾ കൊള്ളയടിക്കുകയാണെന്ന് അഷ്‌റഫ് താമരശ്ശേരി. മൃതദേഹവമായി നാട്ടിലേക്ക് മടങ്ങുന്ന ബന്ധുക്കളിൽനിന്ന് ടിക്കറ്റ് നിരക്കായി ലക്ഷക്കണക്കിന് രൂപയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നമ്മുടെ അയൽരാജ്യങ്ങൾ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ടുപോകുമ്പോൾ നമ്മുടെ നാട്ടിലെ വിമാനക്കമ്പനികൾ ഈ കൊള്ള നടത്തുന്നതെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. രണ്ട് പേരും സ്ത്രീകളായിരുന്നു. പ്രവാസ ലോകത്ത് വെച്ച് കുടുംബവുമായി ജീവിക്കുന്നവരിൽ ഒരാൾ മരണപ്പെട്ടാൽ കുട്ടികളടക്കമുള്ള കുടുംബം കൂടെ പോകേണ്ടി വരും. സീസൺ സമയത്ത് ഇത്തരത്തിൽ ഒരാൾ മരണപ്പെട്ടാൽ കൂടെ പോകുന്നവർക്ക് ടിക്കറ്റിന് നൽകേണ്ടി വരുന്നത് ഭീമമായ തുകയാണ്. ഇന്നലെ മരണപ്പെട്ടവരുടെ കൂടെ പോയവർക്ക് ഒരു ലക്ഷത്തിലധികം രൂപയോളമാണ് ടിക്കറ്റിന് വേണ്ടി മാത്രം ചെലവായത്. വിമാന കമ്പനികളുടെ കൊള്ള കാരണം മനുഷ്യർ മരിച്ചാൽ പോലും ദുരിതമാവുകയാണ്. നമ്മുടെ അയൽ രാജ്യങ്ങൾ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ട് പോകുമ്പോൾ നമ്മുടെ നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കൂടെ പോകുന്ന കുടുംബങ്ങൾക്ക് ലക്ഷങ്ങൾ കൂടി ചെലവഴിക്കേണ്ടി വരുന്നത് കൂനിന്മേൽ കുരു എന്ന അവസ്ഥ പോലെയാണ്. മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് സൗജന്യമാക്കി കൊടുക്കുകയോ നിരക്ക്‌ കുറച്ച് കൊടുക്കുകയോ ചെയ്യുന്ന സംവിധാനം സർക്കാർ തലത്തിൽ ചെയ്യേണ്ടതുണ്ട്. പ്രിയപ്പെട്ടവർ മരണപ്പെട്ട സാഹചര്യത്തിലുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടിനിടയിൽ വലിയ സാമ്പത്തികമായ ബാധ്യതകൾ കൂടി ഏറ്റെടുക്കേണ്ടി വരുന്ന കുടുംബങ്ങളുടെ ദുരവസ്ഥ നിരന്തരം കാണേണ്ടി വരികയാണ്. വേനലവധി അടുത്ത് വരുന്നതോടെ ടിക്കറ്റ് നിരക്ക്‌ അങ്ങേയറ്റം ഉയരുകയും ഇത്തരം ദുരവസ്ഥകൾ കൂടുകയും ചെയ്യും. പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ അധികാരികൾ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. പ്രവാസികളുടെ ഇത്തരം ദുരവസ്ഥകളെ അഭിസംബോധന ചെയ്യാൻ പോലും ആരും മുന്നോട്ട് വരുന്നില്ല എന്നതും ഏറെ വേദനാജനകമാണ്.

TAGS :

Next Story