കടബാധ്യതകൾ തീർക്കാൻ രണ്ട് വാക്‌സിനുമെടുത്ത് പ്രവാസത്തിൽ തിരിച്ചെത്തി, നിനച്ചിരിക്കാതെ മരണം; നാരയണന്റെ മരണത്തിൽ വേദന പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
ഒരുവശത്ത് നമുക്ക് സന്തോഷം കിട്ടുമ്പോൾ മറുവശം നമ്മൾ ആരെയും കാണിക്കാതെ ഒളിച്ച് വെക്കും. അത് രാത്രി ഉറങ്ങുവാൻ നേരം അണപൊട്ടി പുറത്തുവരും...
കടബാധ്യതകൾ കാരണം, രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവാസം തുടരാൻ രണ്ട് ഡോസ് വാക്‌സിനുമെടുത്ത് ഗൾഫിലെത്തിയ കൊച്ചി സ്വദേശി നാരായണന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദന പങ്കുവെച്ച് സാമൂഹ്യപ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ അഷ്‌റഫ് താമരശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അഷ്‌റഫ്, തന്റെ സുഹൃത്ത് കൂടിയായിരുന്ന നാരായണന്റെ വിയോഗവാർത്ത പങ്കുവെച്ചത്.
അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്:
ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒരാളുടെ അനുഭവം പറയാതെയിരിക്കുവാൻ കഴിയില്ല. കൊച്ചി സ്വദേശി നാരായണൻ, കുറച്ച് നാളുകൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയതാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടക്കാരനായി, അതിനിടയിൽ കോവിഡ് വന്നു.നാട്ടിൽ നിന്ന് കടം തീർക്കുകയെന്നത് നാരായണനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. വീണ്ടും പ്രവാസഭൂമിയിലേക്ക് തിരിക്കുവാൻ തീരുമാനിച്ചപ്പോഴാണ് താൽക്കാലികമായി യു.എ.ഇ ഗവൺമെൻറ് വിസ നിർത്തിവെച്ച വിവരം അറിയുന്നത്.
രണ്ട് വാക്‌സിനുമെടുത്ത് കാത്തിരിപ്പിൻറെ കുറെ മാസങ്ങൾ, ആരൊക്കെ കൈവിട്ടാലും രണ്ട് പതിറ്റാണ്ട് കാലം ജീവിച്ച പോറ്റ നാട് കൈ വിടില്ലെന്ന് നാരായണനുറപ്പായിരുന്നു. അപ്പോഴാണ് യു.എ.ഇയിലേക്ക് പോകുവാൻ സന്ദർശക വിസ അനുവദിച്ച വിവരം അറിയുന്നത്. രണ്ട് വാക്‌സിൻ എടുത്തതിനാലും കുറച്ച് പൈസ വായ്പ കിട്ടിയത് കൊണ്ടും ഏറ്റവും അടുത്ത ദിവസങ്ങളിലെ വിമാനത്തിൽ തന്നെ പോറ്റുനാട്ടിലേക്ക് എത്തി ചേരുവാൻ സാധിച്ചു.
20 വർഷത്തെ പ്രവാസ ജീവിതകൊണ്ട് കിട്ടിയ പരിചിതമായ സൗഹൃദങ്ങൾ കൊണ്ട് ജോലി കിട്ടുവാൻ നാരായണന് കൂടതലായി അലയേണ്ടി വന്നില്ല. നാരായണനെ വർഷങ്ങളായി അറിയാവുന്ന ഒരാളെന്ന നിലയിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് എന്നെയും വിളിച്ച് ജോലി കിട്ടിയ വിവരം സന്തോഷത്തോടെ പറയുകയും, നാട്ടിൽ നിൽക്കുവാൻ പറ്റാത്ത അവസ്ഥയാണെന്നും, ഒരിക്കൽ ഈ മണ്ണ് മനുഷ്യനെ ഇഷ്ടപ്പെട്ടാൽ തിരിച്ച് പറഞ്ഞ് വിടില്ലായെന്നും പറഞ്ഞ് നാരായണൻ ഫോൺ വെക്കുകയും ചെയ്തു. എന്നിട്ട് ഒരു പരാതിയും പറഞ്ഞു, റാപ്പിഡ് ടെസ്റ്റിൻറെ പേരിൽ 2500 രൂപ നാട്ടിലെ എയർപോർട്ടിൽ കൊടുക്കേണ്ടി വന്നു. പറ്റുമെങ്കിൽ അഷ്‌റഫിക്കാ ഫേസ്ബുക്കിൽ ഇതിനെ കുറിച്ച് എഴുതണമെന്നും പറഞ്ഞു. അതായിരുന്നു കഴിഞ്ഞ എൻറെ മുഖപുസ്തകത്തിലെ നാരായണനെ പോലെയുളള സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വിഷയമാക്കി പോസ്റ്റ് എഴുതുവാനുളള കാരണം.
ഒരുവശത്ത് നമുക്ക് സന്തോഷം കിട്ടുമ്പോൾ മറുവശം നമ്മൾ ആരെയും കാണിക്കാതെ ഒളിച്ച് വെക്കും. അത് രാത്രി ഉറങ്ങുവാൻ നേരം അണപൊട്ടി പുറത്തുവരും..., ഒരു പെരുമഴ പെയ്യുന്നത് പോലെ അത് മൊത്തം വേദനകൾ ആയിരിക്കും. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെട്ടെന്നുളള നെഞ്ച് വേദന കാരണം, നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.കടങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് നാരായണൻ യാത്രയായി.
നാരായണൻ അങ്ങനെയാണ്, വേദനകളെ ആരുമായും പങ്ക് വെക്കാറില്ല.സന്തോഷങ്ങൾ മാത്രമെ മറ്റുളളവരുമായി പങ്ക് വെച്ചിരുന്നുളളു. ആരെയും തൻറെ ദുഃഖങ്ങൾ പറഞ്ഞ് വേദനിപ്പിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.
മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മളും അത് അനുഭവിച്ചെ തീരു. മക്കളുടെ ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്‌നിച്ച ശേഷം വിട പറയുന്ന നാരായണൻറെ സ്വപ്നങ്ങൾ മാത്രം ഈ പ്രവാസഭൂമിയിൽ ബാക്കി വെച്ചിട്ട് അദ്ദേഹത്തിൻറെ മൃതദേഹം മറ്റുളള മൃതദേഹത്തിനോടപ്പം നാടിലേക്ക് യാത്രയായി.
Adjust Story Font
16