മൂന്നു ദിർഹമിന് ബിരിയാണി; അരപ്പട്ടിണിക്കാർക്ക് അന്നമേകി ആയിഷ ഖാന്റെ ഫുഡ് എടിഎം
സോഷ്യൽ ഇംപാക്ട് പ്രൊജക്ടായി തുടങ്ങിയ സ്ഥാപനം മൂന്നു വർഷമായി ദിവസേന എല്ലാവർക്കും ചെറിയ വിലയിൽ മൂന്നു നേരം ഭക്ഷണവും വെള്ളവും നൽകി വരികയാണ്
- Updated:
2022-04-10 05:30:07.0
കയ്യിലുള്ള കാശിന് കിട്ടാത്തത് കൊതിക്കാതിരിക്കുന്നതാണ് പലപ്പോഴും നല്ലത്. എന്നാൽ യുഎഇ അജ്മാനിലെ ആയിഷ ഖാന്റെ ഫുഡ് എടിഎമ്മിലെത്തുന്നവർക്ക് ഈ മോഹം അടക്കിവെക്കേണ്ടി വരില്ല. കാരണം പുറത്ത് 10 മുതൽ 15 ദിർഹം വരെ ഈടാക്കി വിൽക്കുന്ന ബിരിയാണി കേവലം മൂന്നു ദിർഹമിനാണ് ഈ ഹൈദരാബാദുകാരിയുടെ സംരംഭത്തിൽ നൽകുന്നത്. സോഷ്യൽ ഇംപാക്ട് പ്രൊജക്ടായി തുടങ്ങിയ സ്ഥാപനം മൂന്നു വർഷമായി പ്രവർത്തിച്ചു വരികയാണ്. ദിവസേന എല്ലാവർക്കും ചെറിയ വിലയിൽ മൂന്നു നേരം ഭക്ഷണവും വെള്ളവും നൽകി വരികയാണ് ഈ സംരംഭത്തിലൂടെ ചെയ്യുന്നത്.
ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പതിനായിരങ്ങളുള്ള ഗൾഫിൽ, അന്നത്തിന്റെ വിലയറിഞ്ഞ് സംരംഭം തുടങ്ങിയതാണിവർ. കരുണ വറ്റാത്ത ഉറവകളിലൊന്നായി സംരംഭം മുന്നോട്ടു കൊണ്ടുപോകവേ നിരവധി അവിസ്മരണീയ അനുഭവങ്ങളാണ് മലയാളം നന്നായി വഴങ്ങുന്ന ഇവർക്ക് പറയാനുള്ളത്.
''എന്റെ സ്ഥാപനത്തിന്റെ നവീകരണം നടക്കുമ്പോൾ ഒരു മലയാളി വയോധികൻ കയറിവന്നു. ഞാൻ ചോദിച്ചു: എന്താണ് കാര്യം പറഞ്ഞോളൂ... കമ്പനിയുടെ പ്രവർത്തനം മോശമായതിനാൽ താനടക്കം 750 ആളുകൾക്ക് 15 മാസമായി ശമ്പളമുണ്ടായിരുന്നില്ലെന്നും വാച്ച് വരെ വിറ്റിട്ടാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിനാൽ മകന്റെ പഠനം നിർത്തിയെന്നും പറഞ്ഞു. എന്നാൽ രണ്ടു മാസം മുമ്പ് ശമ്പളം കൊടുത്തു തുടങ്ങി. അവ മുഴുവൻ നാട്ടിലേക്ക് അയച്ച്, മകനോട് പഠനം തുടരാൻ പറഞ്ഞു. അപ്പോൾ ഉപ്പയുടെ ഭക്ഷണമോയെന്ന് ചോദിച്ച മകനോട് അദ്ദേഹം പറഞ്ഞു: എന്റെ ഭക്ഷണം പടച്ചവൻ അയച്ചു തന്നിട്ടുണ്ട്, മൂന്നു ദിർഹമിന് വയറു നിറയെ ഭക്ഷണം തരുന്ന ഫുഡ് എടിഎം എന്ന കമ്പനി ഇവിടെ തുടങ്ങിയിരിക്കുകയാണ്'' ഇത്തരമൊരു സ്ഥാപനം നടത്തുന്നതിൽ നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ ആയിഷാ ഖാൻ പറഞ്ഞു.
ഐടി എൻജിനിയറായ ഇവർ ഗൾഫിലെത്തിയത് ലോഞ്ച് പ്രൊജക്ടിലേക്കാണ്. പിന്നീട് ഐടി രംഗത്തേക്കും മുൻസിപ്പാലിറ്റിയിലേക്കും മാറി. എന്നാൽ പിന്നീട് തൊട്ടടുത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുടെ കഷ്ടതകൾ കാണുകയും പുതിയ സംരംഭത്തിലേക്ക് വഴി മാറുകയുമായിരുന്നു. പിതാവില്ലാത്തതിനാൽ 17 വയസ്സുള്ളപ്പോൾ തന്നെ ഇവർക്ക് പാർട്ട് ടൈം ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു. പത്തു വയസ്സുള്ള ഇവരുടെ അനിയനും പഠിച്ചതും ജീവിച്ചതും ഈ വരുമാനത്തിൽ നിന്നായിരുന്നു. എന്നെങ്കിലും പണമുണ്ടാകുമ്പോൾ ഇത്തരം സംരംഭം തുടങ്ങണമെന്ന് അന്ന് തീരുമാനിച്ചതാണെന്നും അവർ പറഞ്ഞു. ഹോൾസെയിലായി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നത് വഴിയാണ് പിടിച്ചുനിൽക്കാനാകുന്നതെന്നും അവർ പറഞ്ഞു.
പ്രൊജക്ട് തുടങ്ങിയപ്പോൾ അജ്മാൻ യൂണിവാഴ്‌സിറ്റിയിലായിരുന്നു പ്രവർത്തനം. പക്ഷേ, ആദ്യ വർഷം ആരും വന്നില്ല. അഞ്ചു ദിർഹമിന് രണ്ടു പേർ ഭക്ഷണം കഴിക്കുന്ന അവിടെ പത്തു ദിർഹമിന് അവർക്ക് കഴിക്കാനാകുമായിരുന്നില്ല. അങ്ങനെ ഞാൻ വില കുറക്കുകയായിരുന്നു. പിന്നീട് സംരംഭം വൻ വിജയമായി. ഈ റമദാനിൽ ഒരുപാട് ഓർഡറുകളെത്തി. അവർക്ക് ചേക്ലേറ്റടക്കമുള്ള ഭക്ഷണപ്പൊതികളാണ് റമദാനിൽ വിതരണം ചെയ്യുന്നതെന്നും ഇത് പങ്കുവെക്കലിന്റെ മാസമാണെന്നും ആയിഷ പറഞ്ഞു. ആദ്യം മാറി നിന്നിരുന്ന തന്റെ കുടുംബം ഒപ്പമുണ്ടെന്നും അവർ പറഞ്ഞു.
Ayesha Khan's Food ATM helps poors
Adjust Story Font
16