ബറഖ പ്ലാന്‍റ്: മൂന്നാം യൂണിറ്റ് സജ്ജം, ദേശീയ ഊർജവിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യു.എ.ഇയുടെ പോരാട്ടത്തിന് കരുത്തുപകരുന്നതാണ് മൂന്നാം യൂനിറ്റിന്‍റെ പ്രവർത്തനം
അബൂദബി: അബൂദബി ബറഖ ആണവോർജ നിലയത്തിലെ മൂന്നാം റീയാക്ടർ, ദേശീയ ഊർജവിതരണശൃംഖലയുമായി ബന്ധിപ്പിച്ചു. ഈ റിയാക്ടർ പ്രവർത്തനസജ്ജമായി ആഴ്ചകൾക്കുള്ളിലാണ് നടപടി. 1400 മെഗാവാട്ട് വൈദ്യുതിയാണ് മൂന്നാം യൂണിറ്റിന്‍റെ ഉൽപ്പാദന ശേഷി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യു.എ.ഇയുടെ പോരാട്ടത്തിന് കരുത്തുപകരുന്നതാണ് മൂന്നാം യൂനിറ്റിന്‍റെ പ്രവർത്തനം. ജൂണിലാണ് മൂന്നാം യൂനിറ്റിന് പ്രവർത്തനാനുമതി ലഭിച്ചത്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്‍റെ ഭാഗമായ നവാഹ് എനർജി കമ്പനിക്കാണ് അബൂദബിയിലെ ബറഖ ആണവോർജ നിലയത്തിന്‍റെ പ്രവർത്തന ചുമതല. ദേശീയ വിതരണശൃംഖലയുമായി മൂന്നാമത്തെ യൂനിറ്റ് വിജയകരമായി ഘടിപ്പിച്ചതോടെ ഉൽപ്പാദന ശേഷി കൂടും.
പരമാവധി ഉൽപ്പാദന ശേഷി കൈവരിക്കുന്നതുവരെ പടിപടിയായാണ് ഉൽപ്പാദനം കൂട്ടുക. രാജ്യത്തിന്‍റെ മറ്റൊരു അഭിമാനകരമായ നിമിഷമാണിതെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ മുഹമ്മദ് അൽ ഹമ്മദി അറിയിച്ചു. 13 വർഷം മുമ്പ് രാഷ്ട്രനേതാക്കളെടുത്ത തീരുമാനത്തിന്‍റെ ഫലങ്ങളാണ് ഇപ്പോൾ കൊയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് ലോകത്തെ ആദ്യ ആണവോർജ നിലയമായ ബറഖ യു.എ.ഇയുടെ സുസ്ഥിര ഊർജ ലക്ഷ്യം ഏതാനും വർഷങ്ങൾക്കുള്ളിൽ കൈവരിക്കാനാകും. 2020 ഫെബ്രുവരിയിലായിരുന്നു ബറക്ക ആണവോർജ നിലയത്തിന്‍റെ ആദ്യ യൂനിറ്റ് പ്രവർത്തനം തുടങ്ങിയത്. 2021 മാർച്ചിൽ രണ്ടാമത്തെ യൂനിറ്റിനും അനുമതി ലഭിച്ചു.
ഒന്നാമത്തെ യൂണിറ്റിന്റെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചത് 2021 ഏപ്രിൽ 18നാണ്. ഉൽപ്പാദനം തുടങ്ങി ഒരുവർഷത്തിനുള്ളിൽ 50 ലക്ഷം കാർബൺ മാലിന്യം പുറന്തള്ളൽ സാഹചര്യമാണ് യൂനിറ്റ് ഇല്ലാതാക്കിയത്. മൂന്നാമത്തെ യൂനിറ്റിന്‍റെ നിർമാണം കഴിഞ്ഞവർഷമാണ് പൂർത്തിയായത്. നാലാമത്തെ യൂനിറ്റിന്‍റെ നിർമാണവും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
Adjust Story Font
16