വ്യാജ ടാക്‌സികളോടിക്കുന്നവർ സൂക്ഷിക്കുക; കനത്ത പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്
വ്യാജ ടാക്‌സികൾക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് അബൂദബി പൊലീസ്. സ്വകാര്യ വാഹനങ്ങൾ ആവശ്യമായ അനുമതി ലഭിക്കാതെ ടാക്‌സിയായി ഉപയോഗിച്ചാൽ 3000 ദിർഹം പിഴ ലഭിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ ഭീമമായ പിഴക്ക് പുറമെ, ഈ വാഹനം 30 ദിവസം പൊലീസ് പിടിച്ചുവയ്ക്കുകയും ചെയ്യും. കൂടാതെ ആ ഡ്രൈവറുടെ ലൈസൻസിൽ 24 ബ്ലാക്ക് പോയന്റുകളും വീഴും.
അനധികൃതമായി ടാക്‌സി സേവനം നൽകുന്നവരെ കുറിച്ച് പൊതുജനങ്ങൾക്കും പൊലീസിന് വിവരം കൈമാറാം. യാത്രക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വ്യാജ ടാക്‌സികളുടെ സേവനം തടയുന്നതെന്ന് പൊലീസ് പറയുന്നു. ലൈസൻസില്ലാത്തവരെ ടാക്‌സി സേവനത്തിനായി സമീപിക്കുന്നവർ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. അംഗീകൃത ടാക്‌സികൾ എപ്പോഴും പൊലീസിന്റെയും അധികൃതരുടെയും നിരീക്ഷണത്തിലായിരിക്കും.
എന്നാൽ വ്യാജ ടാക്‌സികൾ ഇത്തരത്തിൽ യാതൊരു സുരക്ഷിതത്വവും ഉറപ്പാക്കുന്നില്ല. ഇത് യാത്രക്കാരുടെ ജീവനും സ്വത്തിനും വരെ ഭീഷണിയായേക്കാം. യാത്രക്ക് അംഗീകൃത പൊതുഗതാഗത സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Adjust Story Font
16