യു.എ.ഇ - ഇന്ത്യ യാത്രക്കാർക്ക് ഇരുട്ടടി; ബാഗേജ് വെട്ടിക്കുറച്ച് എയർഇന്ത്യ എക്‌സ്പ്രസ്
30 കിലോ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നത് 20 കിലോ ആയാണ് വെട്ടിക്കുറച്ചത്
ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് യാത്രചെയ്യുന്നവരുടെ ബാഗേജ് അലവൻസ് വൻതോതിൽ വെട്ടികുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നേരത്തേ 30 കിലോ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരുന്ന ആനുകൂല്യം 20 കിലോ ആയാണ് കുറച്ചത്. ഏറ്റവും കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് പോകാൻ എയർ ഇന്ത്യ എക്‌സ്പ്രസിനെ ആശ്രയിക്കുന്ന ഗൾഫ് രാജ്യമാണ് യു.എ.ഇ. ഇവർക്ക് തന്നെയാണ് വിമാനകമ്പനിയുടെ ഈ ഇരുട്ടടി.
ഈമാസം 19 മുതലാണ് ബാഗേജ് അലവൻസ് വെട്ടിക്കുറച്ചത്. നേരത്തേ യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് 30 കിലോ സാധനങ്ങൾ കൊണ്ടുപോകാനും, നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് 20 കിലോ സാധനങ്ങൾ കൊണ്ടുപോകാനുമാണ് അനുമതിയുണ്ടായിരുന്നത്. നാട്ടിൽ നിന്ന് യു.എ.ഇയിലേക്കുള്ള ബാഗേജ് അലവൻസ് പഴയത് പോലെ 20 കിലോയായി തുടരും. എന്നാൽ, യു.എ.ഇയിൽ നിന്നും, സിങ്കപ്പൂരിൽ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോയിലേക്ക് കുറച്ചത്. കൂടുതൽ സാധനങ്ങൾ കൊണ്ടുപോകേണ്ടവർക്ക് പണം നൽകി പരമാവധി 15 കിലോവരെ അഡീഷണൽ ബാഗേജ് കൊണ്ടുപോകാം.
നേരത്തേ ഇത് 45 കിലോ വലെ സാധിച്ചിരുന്നെങ്കിൽ ഇനി മുതൽ അഡീഷണൽ ബാഗേജ് ഉൾപ്പെടെ 35 കിലോ മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന രാജ്യമാണ് യു.എ.ഇ. ഷാർജയിൽ നിന്ന് കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലേക്കു എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. അതുകൊണ്ട് അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഈ നടപടി തിരിച്ചടിയാകും. സൗജന്യ അലവൻസിന് പുറമേ പണം നൽകി അഡീഷൺ ബാഗേജ് വാങ്ങാൻ യാത്രക്കാരെ നിർബന്ധിതരാക്കുന്ന വിമാനകമ്പനിയുടെ തന്ത്രമാണതിതെന്ന വിശമർശവും ശക്തമാവുന്നുണ്ട്. 19 ന് ശേഷം ടിക്കറ്റെടുക്കുന്നവർക്കാണ് ബാഗേജിലെ കുറവ് ബാധകമാവുക. നേരത്തേ ടിക്കറ്റെടുത്തവർക്ക് 30 കിലോ ബാഗേജ് തുടരും.
Adjust Story Font
16