പ്രവാസിവോട്ട് തേടി സ്ഥാനാർഥികൾ; യു.എ.ഇയിൽ ആദ്യം എത്തിയത് ഷാഫി പറമ്പിൽ
കെ.കെ ശൈലജയെ ഷാർജയിൽ കൊണ്ടുവരാൻ ഇടതു അനുഭാവികൾ നീക്കം തുടങ്ങിയെന്നാണ് വിവരം
ദുബൈ: നാട്ടിലെ ഇലക്ഷൻ തിരക്കുകൾക്കിടയിലും പ്രവാസി വോട്ട് തേടി സ്ഥാനാർഥികൾ ഗൾഫിലേക്ക്. വടകരയിൽ മൽസരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആണ് യു.എ.ഇയിലെത്തിയത്. മറ്റു ചില സ്ഥാനാർഥികൾ കൂടി ഈ ആഴ്ച തന്നെ ഗൾഫിലേക്ക് വിമാനം കയറും.
പ്രവാസി വോട്ട് തേടിയെത്തിയ ഷാഫി പറമ്പിലിനെ കേൾക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. നാട്ടിലെ തെരഞ്ഞെടുപ്പ് വേദികളെ വെല്ലും വിധത്തിലായിരുന്നു വടകര പ്രദേശത്തു നിന്നും ഗൾഫിൽ ചേക്കേറിയ പ്രവാസികളുടെ ആവേശം.പരമാവധി പ്രവാസി വോട്ടർമാരെ വോട്ടിങ് ദിവസം നാട്ടിലെത്തിക്കുക, പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥികളുടെ ഗൾഫിലേക്കുള്ള തിരക്കിട്ട യാത്രകൾ.
നാട്ടിലെ സ്കൂൾ അവധി കാരണം പ്രവാസി കുടുംബങ്ങളുടെ ഗൾഫിലേക്കുള്ള വരവാണിപ്പോൾ. ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ പ്രവാസികൾ വിമുഖത കാണിക്കുമോയെന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.
പ്രവാസി പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന വാഗ്ദാനവും സ്ഥാനാർഥികൾ മുന്നോട്ടു വെക്കുന്നുണ്ട്. ഷാഫി പറമ്പിലിനു പിന്നാലെ ഷൈലജ ടീച്ചറെ ഷാർജയിൽ കൊണ്ടുവരാനും ഇടതു അനുഭാവികൾ നീക്കം തുടങ്ങിയെന്നാണ് വിവരം. നേരിട്ട് വരാൻ സാധിക്കാത്ത സ്ഥാനാർഥികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തി പ്രവാസികളുമായി സംവദിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.
Adjust Story Font
16