വെടിനിർത്തൽ കരാർ: ഹമാസിന്റെ ഉപാധികൾ അംഗീകരിക്കാതെ ഇസ്രായേൽ
ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളിൽ ഒരാൾ മരിച്ചതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ
ദുബൈ: വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികൾ ഇസ്രായേൽ തള്ളിയതായി റിപ്പോർട്ട്. ആക്രമണം നിർത്തി ഗസ്സ വിടാൻ ഒരുക്കമല്ലെന്നും ഉപാധികളുടെ പുറത്തല്ലാതെ വടക്കൻ ഗസ്സയിലേക്ക് ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും മധ്യസ്ഥ രാജ്യങ്ങളെ ഇസ്രായേൽ അറിയിച്ചതായാണ് റിപ്പോർട്ട്.
പാരീസ്, കൈറോ ചർച്ചകൾക്ക് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയിൽ തുടർന്ന വെടിനിർത്തൽ കരാർ ചർച്ചയും പൂർണപരാജയത്തിലേക്കെന്നാണ് സൂചന. ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
ആക്രമണം പൂർണമായി നിർത്തുക, സൈന്യം ഗസ്സ വിടുക, പുറന്തള്ളിയ ഫലസ്തീനികൾക്ക് തിരിച്ചുവരാൻ അനുമതി നൽകുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഇതിൽ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കും എന്നുമാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്.
ഗസ്സയിൽ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായിരിക്കെ, അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്ന് ലോകരാജ്യങ്ങളോട് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് തടസ്സം കൂടാതെ സഹായം എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യു.എൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി.
ഗസ്സ സിറ്റിയിൽ ഭക്ഷണത്തിന് കാത്തിരുന്ന ആയിരങ്ങൾക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും എഴുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഫക്കു നേരെയുള്ള ആക്രമണത്തിൽനിന്ന് പിറകോട്ടില്ലെന്ന് ഇസ്രായേൽ നേതൃത്വം വീണ്ടും വ്യക്തമാക്കി.
അതിനിടെ, ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളിൽ ഒരാൾ മരണപ്പെട്ടതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു. 34 വയസുള്ള യെവ്ജൻ ബുച്താഫ് ആണ് മരണപ്പെട്ടത്. സഹായം നിഷേധിക്കുന്നതിലൂടെ ഫലസ്തീനികൾ മാത്രമല്ല ബന്ദികളും മരണപ്പെടുമെന്ന് തങ്ങൾ നേരത്തെ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായി മാറുകയാണെന്നും അൽഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു.
തെൽ അവീവിൽ ആയിരങ്ങൾ ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രകടനം നടത്തി. അൽശിഫ ആശുപത്രിക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ ഇന്നലെയും തുടർന്നു. ആശുപത്രി സമുച്ചയത്തിന്റെ സമീപ കെട്ടിടങ്ങളിൽ കഴിയുന്ന ആയിരങ്ങളും ഭീതിയിലാണ്.
അതേസമയം, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിെൻറ അമേരിക്കൻ പര്യടനം ഇന്നാരംഭിക്കും. കൂടുതൽ സൈനിക സഹായം തേടാനാണ് ഗാലൻറിന്റെ യു.എസ് പര്യടനം. റഫക്കു നേരെ കരയാക്രമണം കൂടാതെ ഹമാസിനെ അമർച്ച ചെയ്യാനുള്ള വഴികൾ നിർദേശിക്കാമെന്ന് യു.എസ് നേതൃത്വം ഇസ്രായേലിന് ഉറപ്പുനൽകിയിരുന്നു. ചെങ്കടലിൽ ഒരു കപ്പലിനു നേരെ ഹൂതികൾ ഇന്നലെയും ആക്രമണം നടത്തി.
Adjust Story Font
16