'ആഗോളവിഷയങ്ങളിൽ യോജിച്ച പോരാട്ടം'; ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്താൻ ധാരണ
സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണത്തിനൊപ്പം ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലും യോജിച്ച നിലപാടുകൾക്ക് ശ്രമം തുടരും
അബൂദബി: ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്താൻ ധാരണ. സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണത്തിനൊപ്പം ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലും യോജിച്ച നിലപാടുകൾക്ക് ശ്രമം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം വേണമെന്ന നിലപാടിന് കൂടുതൽ ശക്തി പകരാനും യു.എ.ഇ ശ്രമം തുടരും. സമഗ്ര സാമ്പത്തിക കരാര്‍ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം പുതിയ തലങ്ങളിലേക്ക് വികസിപ്പിച്ചതായി കഴിഞ്ഞ ദിവസം അബൂദബിയിൽ സമാപിച്ച ചതുര്‍ദിന ഇന്ത്യ ഗ്ലോബല്‍ ഫോറം വിലയിരുത്തി.
സെപ കരാർ ഒപ്പുവെച്ച് ഒമ്പതു മാസത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരത്തിൽ 30 ശതമാനം വർധനവാണ് രൂപപ്പെട്ടത്. ഇതുവരെയും സഹകരണമില്ലാതിരുന്ന മേഖലകളില്‍ കൂടി സഹകരിക്കാന്‍ കരാര്‍ സഹായിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. മന്ത്രിമാരായ ശൈഖ് അബ്ദുല്ല, നൂറ അല്‍ കഅബി എന്നിവരുമായും കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. യു.എന്‍ സുരക്ഷാ സമിതിക്കു മുമ്പാകെ കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി ശക്തമായി വാദിക്കാൻ യു.എ.ഇ നീക്കം നടത്തിയത് ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളതയാണ് തെളിയിച്ചത്. കൗണ്‍സിലില്‍ ഇന്ത്യയുടെ ശബ്ദം അനിവാര്യമാണെന്നും യു.എ.ഇ മന്ത്രി നൂറ അൽ കഅബി വ്യക്തമാക്കിയിരുന്നു. യുക്രയിൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോജിച്ച പ്രശ്നപരിഹാരത്തിന് നീക്കം തുടരാൻ ഇന്ത്യയും യു.എ.ഇയും തീരുമാനിച്ചതും ശ്രദ്ധേയമാണ്.
Adjust Story Font
16