‘കമോൺ കേരള’ അഞ്ചാം എഡിഷൻ; ശൈഖ് സുൽത്താൻ മുഖ്യരക്ഷാധികാരി
ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യരക്ഷാധികാരിയാവുന്ന അഞ്ചാം എഡിഷനാണ് വരാന്‍ പോകുന്നത്
ഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ മുഖ്യരക്ഷാധികാരിയായി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യരക്ഷാധികാരിയാവുന്ന അഞ്ചാം എഡിഷനാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ നാലു എഡിഷനുകളും ശൈഖ് സുൽത്താന്റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറിയ കമോൺ കേരളയുടെ അഞ്ചാം എഡിഷൻ മേയ് 19,20,21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് നടക്കുക.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രവാസികളെ എന്നും ചേർത്തുപിടിച്ച ശൈഖ് സുൽത്താന്റെ രക്ഷാധികാരം യു.എ.ഇയിലെ മലയാളി സമൂഹത്തിന് അഭിമാനവും പ്രവാസ മലയാളത്തിന്റെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’ത്തിന് അംഗീകാരവുമാണ്. ഊഷ്മളമായ ഇന്ത്യ-യു.എ.ഇ ബന്ധത്തെ എക്കാലവും പ്രോത്സാഹിപ്പിച്ച അദ്ദേഹത്തിന്റെ 2017ലെ കേരള സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര, സാംസ്കാരിക ബന്ധത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധത്തിന് ദിശാബോധം പകരുന്ന ‘കമോൺ കേരള’യുടെ മുൻ എഡിഷനുകളുടെ വിജയത്തിന് ശൈഖ് സുൽത്താന്റെ രക്ഷാധികാരം കരുത്തുപകർന്നിട്ടുണ്ട്. യു.എ.ഇയിലെ പ്രവാസി സമൂഹം ഓരോ വർഷവും കാത്തിരിക്കുന്ന മേളയായി പരിണമിച്ച കമോൺ കേരള ഇക്കുറി വിരുന്നെത്തുന്നത് കൂടുതൽ വ്യത്യസ്ത പരിപാടികളുമായാണ്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ച ‘ഹാർമോണിയസ് കേരള’യും ഇത്തവണ ‘കമോൺ കേരള’യോടൊപ്പം വിരുന്നെത്തും. മേയ് 21ന് അരങ്ങേറുന്ന പരിപാടി കേരളത്തിന്റെ സൗഹൃദത്തെയും സഹജീവിതത്തെയും ആഘോഷമാക്കുന്നതായിരിക്കും. മേളക്ക് ആവേശം പകരാൻ മലയാളത്തിന്റെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും ഭാവനയും അടക്കം പ്രമുഖർ എത്തും.
Adjust Story Font
16