യു.എ.ഇയിൽ വാണിജ്യ ഏജൻസി നിയമം കർശനമാക്കി; ലംഘിച്ചാൽ പിഴക്ക് പുറമെ ചരക്ക് കണ്ടുകെട്ടും
ഒരു ലക്ഷം മുതൽ നാലു ലക്ഷം ദിർഹം വരെ പിഴ ഏർപ്പെടുത്തുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്
യു.എ.ഇയിൽ പരിഷ്കരിച്ച വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ സാമ്പത്തികകാര്യ മന്ത്രാലയം കനത്ത പിഴ ചുമത്തും. ഒരു ലക്ഷം മുതൽ നാലു ലക്ഷം ദിർഹം വരെ പിഴ ഏർപ്പെടുത്തുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. നിയമലംഘനം തെളിഞ്ഞാൽ ചരക്കുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. ഒരു അന്താരാഷ്ട്ര ബിസിനസ് സംരംഭം കരാറിൽ ഏർപ്പെട്ട ഏജന്‍റിനല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കൊ ഉൽപന്നങ്ങൾ വിൽപന നടത്താൻ പാടില്ല.
നിയമം ലംഘിച്ചാൽ വൻതുക ഫൈൻ ഉൾപ്പെടെ കടുത്ത നടപടി നേരിടേണ്ടി വരും. ഇതിനു പുറമെയാണ് അയച്ച ചരക്കുകൾ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും. നേരത്തെയുള്ള നിയമത്തിൽ സുപ്രധാന മാറ്റമാണ് വരുത്തിയിരിക്കുന്നത്. മുൻപൊക്കെ ഇത്തരം കാര്യങ്ങൾ സിവിൽ കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു പതിവ്. എന്നാൽ പുതിയ നിയമത്തിൽ രണ്ട് തരത്തിൽ ഫൈൻ ചുമത്താനാണ് വകുപ്പുള്ളത്. നിയമലംഘനത്തിന് ആദ്യം മുന്നറിയിപ്പ് കൈമാറും. ആവർത്തിച്ചാൽ ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഫൈൻ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. തെറ്റ് ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ ഫൈൻതുക നാലു ലക്ഷം വരെയായി ഉയർത്തും.
കരാർലംഘനങ്ങൾ കുറ്റകൃത്യമായി പരിഗണിക്കുമെന്ന വ്യക്തമായ സന്ദേശമാണ് അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് യു.എ.ഇ ഇതിലൂടെ നൽകുന്നത്. യു.എ.ഇ സ്വദേശിക്ക് കുറഞ്ഞത് 51 ശതമാനം അവകാശമുള്ള പൊതു ഓഹരി ഉടമകളുടെ കമ്പനികൾക്ക് വാണിജ്യ ഏജൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടാം എന്നാണ് പുതിയ നിയമം പറയുന്നത്.
Adjust Story Font
16