ഷാര്‍ജയില്‍ സസ്‌റ്റൈനിബിള്‍ സിറ്റി നിര്‍മാണം പുരോഗമിക്കുന്നു
അല്‍ഹിറ ബീച്ച് ജൂണില്‍ പൂര്‍ണമായും തുറക്കും
ഷാര്‍ജയില്‍ പരിസ്ഥിതി സൗഹൃദ വികസനത്തിന് മാതൃകയായി സസ്‌റ്റൈനിബില്‍ സിറ്റി ഒരുങ്ങുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ഹിറ ബീച്ച് എന്ന കടലോര വിനോദകേന്ദ്രവും താമസിയാതെ നിര്‍മാണം പൂര്‍ത്തിയാകും. നിര്‍മാണം പുരോഗമിക്കുന്ന രണ്ട് പദ്ധതികളും ഷാര്‍ജ നിക്ഷേപവികസന അതോറിറ്റി ശൂറൂഖിന്റെ മേധാവികള്‍ നേരിട്ടെത്തി വിലയിരുത്തി.
ഷാര്‍ജ നഗരത്തിനടുത്ത് അറേബ്യല്‍ ഉള്‍ക്കടലിന് അഭിമുഖമായി 87 ദശലക്ഷം ദിര്‍ഹം ചെലവിട്ടാണ് അല്‍ ഹിറ ബീച്ചൊരുക്കുന്നത്. മൂന്നര കിലോമീറ്ററോളം നീളമുള്ള ജോഗിങ് ട്രാക്ക്, പൂന്തോട്ടങ്ങള്‍, സൈക്ലിങ് ട്രാക്ക്, ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, ഭക്ഷണശാലകള്‍, പ്രാര്‍ഥനകേന്ദ്രം തുടങ്ങി സൗകര്യങ്ങള്‍ ബീച്ചിലുണ്ടാകും. 700 കാറുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാം. നിലവില്‍ ഭാഗികമായി ഇത് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. 98 ശതമാനം നിര്‍മാണം പൂര്‍ത്തിയായ ബീച്ച് ജൂണില്‍ പൂര്‍ണ സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ശുറൂഖ് ചെയര്‍പേഴ്‌സന്‍ ബുദൂര്‍ അല്‍ഖാസിമി, ആക്ടിങ് സി.ഇ.ഒ അഹമ്മദ് ഉബൈദ് അല്‍ഖസീര്‍, സസ്‌റ്റൈനബില്‍ സിറ്റി സി.ഇ.ഒ മുഹമ്മദ് യൂസഫ് അല്‍ മുത്തവ തുടങ്ങിയവരാണ് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഷാര്‍ജ റഹ്‌മാനിയ മേഖലയിലാണ് സുസ്ഥിരവികസന ആശയങ്ങള്‍ പിന്തുടരുന്ന സസ്‌റ്റൈനബില്‍ സിറ്റി എന്ന താമസമേഖല. ഭീമമായ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഇവിടെ 1120 പരിസ്ഥിതിസൗഹൃദ വില്ലകളുമുണ്ടാവും. പൂര്‍ണമായും സൗരോര്‍ജം, പുനരുപയോഗം സാധ്യമാക്കുന്ന ജലവിതരണ സംവിധാനം, ഇ-ഗതാ ഗതസംവിധാനം എന്നിവ നഗരത്തിന്റെ പ്രത്യേകതയാണ്.
വില്ലകളോടുചേര്‍ന്നുള്ള കൃഷിസ്ഥലങ്ങളില്‍ ശുദ്ധീകരിച്ച വെള്ളമായിരിക്കും ഉപയോഗിക്കുക. താമസക്കാര്‍ക്കുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും സമീപത്തെ തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കും. റെസ്റ്ററന്റുകള്‍, തിയേറ്ററുകള്‍, ഹെല്‍ത്ത് സെന്റര്‍, ജോഗിങ് ട്രാക്ക്, ഷോപ്പിങ് മാളുകള്‍ അടക്കമുള്ള സൗകര്യങ്ങളും സസ്‌റ്റൈനിബിള്‍ സിറ്റിയിലുണ്ടാകും.
Adjust Story Font
16