ദുബൈയിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി
നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ
ദുബൈ: എമിറേറ്റിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക് ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്.
നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നിലവിലെ ഗുണഭോക്താക്കളെല്ലാം ഉത്തരവിറങ്ങി മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ദുബൈ ഒട്ടക റേസിങ് ക്ലബിന്‍റെ മേൽനോട്ടത്തിലുള്ള ഒട്ടക കുതിരപ്പന്തയത്തിന് സമർപ്പിച്ചിരിക്കുന്ന ഫാമുകൾ, ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പുകൾ അല്ലെങ്കിൽ ദുബൈ ഭരണാധികാരിയുടെ തീരുമാനപ്രകാരം നൽകിയിരിക്കുന്ന മറ്റേതെങ്കിലും വിഭാഗം എന്നിവ ഒഴികെ ദുബൈയിലെ പൗരൻമാർക്ക് അനുവദിച്ച ഫാമുകൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമാണ്. ദുബൈ മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സംഭരണ, ധനകാര്യ മന്ത്രാലയത്തിനായിരിക്കും ഫാം കാര്യങ്ങളുടെ മേൽനോട്ടത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും ചുമതല.
ദുബൈയിൽ ഫാം നടത്തിപ്പിനായി ഭൂമി അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്തം ദുബൈ റൂളർ ഓഫിസുമായി ഏകോപിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റിക്കായിരിക്കും. മൃഗങ്ങളുടെ രജിസ്ട്രേഷൻ, അവയ്ക്കുണ്ടാകുന്ന രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിയന്ത്രണവും ദുബൈ മുനിസിപ്പാലിറ്റിക്കായിരിക്കും. നിയമം നടപ്പിലാക്കാനായി 'ഫാം അഫേഴ്സ് റഗുലേറ്ററി കമ്മിറ്റി' എന്ന പേരിൽ സ്ഥിരം കമ്മിറ്റിയും രൂപവത്കരിക്കും. ദുബൈയുടെ ഭക്ഷ്യസുരക്ഷാ നയവുമായും ഉയർന്ന പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുമായും ചേർന്നതാണ് പുതിയ ഉത്തരവെന്ന് മീഡിയ ഓഫിസ് അറിയിച്ചു.
Summary: Sheikh Mohammed bin Rashid Al Maktoum, Ruler of Dubai announced the order to control illegal farms in Dubai
Adjust Story Font
16