ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ദുബൈയിൽ നാളെ തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകനേതാക്കള്‍ പങ്കെടുക്കും
അബൂദബി: കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച ചർച്ചകൾക്കായിലോകം വ്യാഴാഴ്ച മുതൽ യു.എ.ഇയിൽ സംഗമിക്കും. യു.എൻ നേതൃത്വത്തിലുള്ള വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28ാം എഡിഷൻ ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുക. ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിക്കെത്തും.
കാലാവസ്ഥാ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥാ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾക്കാകും കോപ്പ് 28 സാക്ഷ്യംവഹിക്കുക. ചാൾസ് രാജാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ അറബ് ഭരണാധികാരികൾ തുടങ്ങിയവർ സമ്മേളനത്തിനായി ദുബൈയിലെത്തും. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ എത്തില്ല.
സമ്മേളനവേദി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചകളും പ്രഭാഷണങ്ങളും നടക്കുന്നത് ബ്ലൂ സോണിലായിരിക്കും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ഈ വേദിയിൽ പ്രധാന ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്. ഗ്രീൻ സോണിൽ ഡിസംബർ മൂന്നാം തിയ്യതി മുതൽ ആരംഭിക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ലോകത്തിെൻറയും തലമുറകളുടെയും ഭാവി നിർണയിക്കുന്ന സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട് കോപ്പ് 28ന്.
കാലാവസ്ഥാ ആക്ടിവിസ്റ്റുകൾക്ക് പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഇവിടെ പ്രത്യേകമായ സ്ഥലം നിശ്ചയിച്ചിട്ടുമുണ്ട്. ഉച്ചകോടിയുടെ പ്രതിദിന അജണ്ട നേരത്തെ നിശ്ചയിക്കുകയും സമ്മേളന പ്രതിനിധികൾക്ക് കൈമാറുകയും ചെയ്തു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചേർന്ന യോഗത്തിലാണ് അജണ്ടകൾക്ക് അംഗീകാരമായത്. ഉച്ചകോടി ലോകത്തിനു നല്ല വാർത്തകൾ സമ്മാനിക്കുമെന്ന് കോപ്28 പ്രസിഡൻറും യു.എ.ഇ മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ കഴിഞ്ഞ ദിവസം ശുഭപ്രതീക്ഷ പങ്കുവെച്ചു.
Summary: COP28 global climate summit begins tomorrow in Dubai
Adjust Story Font
16