പ്രവാസലോകത്തും വിജയാഹ്ലാദം; ഉറക്കമിളച്ച് പ്രവാസികള്‍
21ാം മിനിറ്റിൽ ഡി മരിയ വല കുലുക്കിയപ്പോൾ പ്രവാസി മുറികൾ പ്രകമ്പനം കൊണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിച്ചാർലിസൻ പന്ത് വലയിലെത്തിച്ചതോടെ ബ്രസീലുകാർ ഉറഞ്ഞുതുള്ളി. പക്ഷെ, ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ വീണ്ടും നിരാശയായി
28 വർഷത്തിന് ശേഷം അർജൻറീന കിരീടമുയർത്തിയത് ആഘോഷമാക്കി പ്രവാസലോകവും. വർഷങ്ങളായി ബ്രസീൽ ആരാധകര്‍ക്കു മുന്നിൽ തലകുനിച്ച് നിന്ന അർജൻറീനക്കാർക്ക് തലയുയർത്തി ആഘോഷിക്കാൻ കിട്ടിയ അവസരമായിരുന്നു ഞായറാഴ്ച നടന്ന കോപ അമേരിക്ക ഫൈനൽ. പുലർച്ച നാല് മുതൽ ടി.വിയുടെ മുന്നിൽ നിലയുറപ്പിച്ച അർജൻറീന- ബ്രസീൽ ആരാധകര്‍ കളിയുടെ ഓരോ നിമിഷവും ആഘോഷമാക്കി.
21ാം മിനിറ്റിൽ ഡി മരിയ വല കുലുക്കിയപ്പോൾ പ്രവാസി മുറികൾ പ്രകമ്പനം കൊണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിച്ചാർലിസൻ പന്ത് വലയിലെത്തിച്ചതോടെ ബ്രസീലുകാർ ഉറഞ്ഞുതുള്ളി. പക്ഷെ, ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ വീണ്ടും നിരാശ.
പെരുന്നാളും തെരഞ്ഞെടുപ്പ് റിസൽട്ടും മാറ്റിനിർത്തിയാൽ പ്രവാസിമുറികൾ പുലർച്ചെ മുതൽ സജീവമായ ദിവസമായിരുന്നു ഞായറാഴ്ച. അർജൻറീനയുടെയും ബ്രസീലിന്‍റെയും ജഴ്സിയണിഞ്ഞായിരുന്നു ഭൂരിപക്ഷംപേരും എത്തിയത്. ജഴ്സിയില്ലാത്തവർ നീലയും മഞ്ഞയും ടീ ഷർട്ടുകൾ അണിഞ്ഞെത്തി. മുറികൾ ഇരു ടീമുകളുടെയും ജഴ്സിയുടെ നിറത്തിൽ ബലൂണുകളാൽ അലങ്കരിച്ചിരുന്നു. മഞ്ഞയും നീലയും കേക്കുകൾ വാങ്ങി സൂക്ഷിച്ചവരും കുറവല്ല. രാവിലെ ജോലിക്ക് പോകേണ്ടി വരുമെന്ന ഓർമയില്ലാതെയാണ് ഉറക്കമിളച്ച് കളി കണ്ടത്.
രണ്ടാം പകുതിയിൽ അലകടലായെത്തിയ ബ്രസീൽ അർജൻറീനാ പോർമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ പിരിമുറുക്കമായി. നിരാശയും സന്തോഷവും മുഖങ്ങളിൽ മിന്നിമാഞ്ഞു. യു.എ.ഇയിലെ ചില ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും ബിഗ് സ്ക്രീനിൽ കളി കാണാൻ സംവിധാനമൊരുക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വൻകിട ഹോട്ടലുകളിൽ മാത്രമാണ് സാമൂഹിക അകലം പാലിച്ച് സംവിധാനമൊരുക്കിയത്.
Adjust Story Font
16