യുഎഇ യാത്രാ ഇളവ്; കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും യുഎഇയിലെത്താം
ആസ്ട്രാസെനക്ക എന്ന പേരിൽ യുഎഇയില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിൻ തന്നെയാണ് ഇന്ത്യയിൽ കോവീഷീൽഡ് എന്ന പേരിൽ വിതരണം ചെയ്യുന്നത്
കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും യുഎഇലെത്താം. യുഎഇ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കോവീഷീൽഡും ഉണ്ടെന്ന് ദുബൈ ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി. നേരത്തെ തന്നെ ഇത്തരത്തിൽ കോവീഷീൽഡ് വാക്‌സിന് അനുമതി നൽകുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആസ്ട്രാസെനക്ക എന്ന പേരിൽ ദുബൈയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിൻ തന്നെയാണ് ഇന്ത്യയിൽ കോവീഷീൽഡ് എ്ന്ന പേരിൽ വിതരണം ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനകമ്പനികൾക്ക് നൽകിക്കഴിഞ്ഞു.
കോവീഷീൽഡിനെ കൂടാതെ സിനോഫോം, സ്പുട്‌നിക്, ഫൈസർ എന്നീ വാക്‌സിനുകൾക്ക് കൂടി യുഎഇ അനുമതി നൽകിയിട്ടുണ്ട്.
ബുധനാഴ്ച മുതലാണ് യുഎഇ യാത്രാവിലക്കിന് ഇളവ് വരുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ദുബൈ അധികൃതർ നീക്കിയത്. എമിറേറ്റ്സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും.
ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ഈ മാസം 23 മുതലുള്ള പുതിയ കോവിഡ് പ്രോട്ടോകോൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ദുബൈ വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം.
ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് നീക്കുന്നതിന്റെ മുന്നോടിയായായിരുന്നു പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചത്. കോവിഡ് ടെസ്റ്റ് റിസൽട്ടിൽ ക്യുആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്.
Adjust Story Font
16