ഒ.ടി.പി പോലും വരാതെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്; യു.എ.ഇയിൽ മലയാളിക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ
ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർ ബുർഹാനുദ്ദീനാണ് തട്ടിപ്പു സംഘത്തിന്റെ കൊള്ളക്ക് ഇരയായത്. നാട്ടിലായിരുന്ന സമയത്ത് 35,394 ദിർഹമാണ് തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡിൽ നിന്ന് വലിച്ചത്.
ഒ.ടി.പി പോലും കൈമാറാതെ ബാങ്കിൽ പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ മലയാളി പ്രവാസി. 35000 ദിർഹത്തിനു മുകളിലാണ് ഒറ്റയടിക്ക് തട്ടിപ്പുസംഘം കവർന്നത്. അവധിക്ക് നാട്ടിൽ പോയ സമയത്തായിരുന്നു പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് വിദഗ്ധമായി പണം കവർന്നത്.
ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർ ബുർഹാനുദ്ദീനാണ് തട്ടിപ്പു സംഘത്തിന്റെ കൊള്ളക്ക് ഇരയായത്. നാട്ടിലായിരുന്ന സമയത്ത് 35,394 ദിർഹമാണ് തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡിൽ നിന്ന് വലിച്ചത്. ഫുജൈറ പൊലീസിൽ നൽകിയ പരാതിയിലാണ് ഇനി എല്ലാ പ്രതീക്ഷയും.
യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ബുർഹാനുദ്ദീൻ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മാസം 12ന് ഉച്ചയോടെ പത്ത് ദിർഹം ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്‍റെ ക്യൂക്ക്പേയിലേക്ക് പിടിച്ചതായി മെസേജ് വന്നിരുന്നു. ഇത് കാര്യമാക്കിയില്ല. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് 35,394 ദിർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പണം നഷ്ടമായതായി ഇ-മെയിലോ എസ്.എം.എസോ ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് ക്രെഡിറ്റ് കാർഡ് ബ്ലോക്കായ നേരത്താണ് പണം നഷ്ടമായ വിവരം അറിയുന്നത്.
കാർഡ് ഉപയോഗിച്ച് നൂൺ ഡോട്കോം വഴി ഐ ഫോൺ വാങ്ങിയതായി സ്റ്റേറ്റ്മെന്റിലുണ്ട്.. ബിസിനസ് ബേയിലാണ് ഫോൺ നൽകിയിരിക്കുന്നത്. എന്നാൽ, ആരാണ് ഫോൺ വാങ്ങിയിരിക്കുന്നത് എന്ന വിവരം വ്യക്തമല്ല. ബാക്കി തുക ക്രിപ്റ്റോ കറൻസിയായി മാറ്റുകയായിരുന്നു. ബാങ്കിൽ പരാതി അറിയിച്ചെങ്കിലും അവിടെ നിന്ന് ഒ.ടി.പി അയച്ചുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഫോണിൽ ഒ.ടി.പി വന്നിട്ടില്ല. അവധിക്ക് നാട്ടിൽ പോകുന്ന സമയത്ത് കടുതൽ ജാഗ്രത പുലർത്താൻ പ്രവാസികൾ തയാറാകേണ്ട സാഹചര്യമാണുള്ളത്.
Adjust Story Font
16