ഗൾഫ് കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ വേറെ, പ്രവാസി വിദ്യാർഥികളെ വെട്ടിലാക്കി 'നീറ്റ്'
ഒരു സാമ്യവുമില്ലാത്ത ചോദ്യങ്ങളെ നേരിട്ട വിദ്യാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് കോമൺ എൻട്രസ് പരീക്ഷയുടെ റാങ്ക് നിശ്ചയിക്കുക എന്നതാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്.
ദുബൈ: ഗൾഫിൽ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഇന്ത്യയിലെ പരീക്ഷയിൽ നിന്ന് വ്യത്യസ്തമായ ചോദ്യപേപ്പർ നൽകിയത് പരീക്ഷയെഴുതിയവരെ ആശങ്കയിലാക്കുന്നു. മുന്നറിപ്പില്ലാതെയാണ് ഏകീകൃത സ്വഭാവമുള്ള പ്രവേശന പരീക്ഷക്ക് വിദേശത്തെ കേന്ദ്രങ്ങളിൽ മാത്രം വ്യത്യസ്തമായ ചോദ്യപേപ്പർ നൽകിയത്. ഇത് പ്രവാസി വിദ്യാർഥികളുടെ റാങ്കിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണ് രക്ഷിതാക്കൾ.
17 ന് നടന്ന നീറ്റ് പരീക്ഷയുടെ ആൻസർ കീ പുറത്തുവന്നപ്പോഴാണ് ഇന്ത്യയിലെ വിദ്യാർഥികളും ഗൾഫിലെ വിദ്യാർഥികളും എഴുതിയത് വ്യത്യസ്തമായ പരീക്ഷകളായിരുന്നു എന്ന് കുട്ടികൾ തിരിച്ചറിഞ്ഞത്. എഞ്ചിനീയറിങ് പ്രവേശനത്തനായി നടത്തുന്ന ജെഇഇ പരീക്ഷക്ക് വ്യത്യസ്തമായ ചോദ്യപേപ്പറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ പരീക്ഷയുടെ റാങ്ക് മാർക്കിന്റെ ശതമാനം കണക്കാക്കിയാണ്. നീറ്റിനാണെങ്കിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് റാങ്ക് നിശ്ചയിക്കുന്നത്. ചോദ്യങ്ങൾ വ്യത്യസ്തമായിരിക്കും എന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നാഷണൽ ടെസ്റ്റിങ് ഏജൻസി വിദ്യാർഥികളെ അറിയിച്ചിരുന്നില്ല.
ഒരു സാമ്യവുമില്ലാത്ത ചോദ്യങ്ങളെ നേരിട്ട വിദ്യാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് കോമൺ എൻട്രസ് പരീക്ഷയുടെ റാങ്ക് നിശ്ചയിക്കുക എന്നതാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരിണം ആവശ്യപ്പെട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് അയച്ച ഇമെയിലിന് അധികൃതർ ഇനിയും മറുപടി നൽകിയിട്ടില്ല.
കോവിഡിനെ തുടർന്ന് കഴിഞ്ഞവർഷമാണ് നീറ്റ് പരീക്ഷക്ക് ആദ്യമായി വിദേശത്ത് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്. എന്നാൽ, കഴിഞ്ഞവർഷം ഒരേ ചോദ്യപേപ്പറാണ് ഇന്ത്യയിലും വിദേശത്തും ഉപയോഗിച്ചത്. ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ മാത്രം എട്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ പരീക്ഷയെഴുതിയ ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ചോദ്യപേപ്പർ മാറ്റി നൽകിയ നടപടി ആശങ്കയിലാക്കുന്നത്. പ്രവാസി വിദ്യാർഥികളോട് കാണിച്ചത് നീതികേടാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഗൾഫിലെ രക്ഷിതാക്കൾ പലരും.
Adjust Story Font
16