തിരക്കിലേക്ക് വീണ്ടും ദുബൈ വിമാനത്താവളം; മൂന്നുമാസം 1.42കോടി യാത്രക്കാർ
ഈവർഷം രണ്ടാം പാദത്തിലെമൂന്നു മാസം 1.42കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വർധനവ് 191ശതമാനമാണ്.
കോവിഡ്കാലത്തെ അതിവേഗം മറികടന്ന് പ്രതാപം വീണ്ടെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. അവധിക്കാലം അവസാനിക്കാനിരിക്കെ, വിമാനത്താവളത്തിൽ ഇപ്പോൾ വൻതിരക്കാണ് അനുഭവപ്പെടുന്നത്. അടുത്ത മാസം മുതൽ അനുകൂല കാലാവസ്ഥ മുൻനിർത്തി ടൂറിസ്റ്റുകളെ സ്വീകരിക്കാനുള്ള തയാറെടുപ്പും ഊർജിതമാണ്. കോവിഡ് ഭീഷണി അകന്നതോടെയാണ് ദുബൈ വിമാനത്താവളം ഏതാണ്ട് പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്.
ഈവർഷം രണ്ടാം പാദത്തിലെമൂന്നു മാസം 1.42കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വർധനവ് 191ശതമാനമാണ്. വിമാനത്താവളത്തിലെ ഒരു റൺവേ നവീകരണ പ്രവർത്തനങ്ങൾക്കായി 45 ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെ മാസങ്ങളിൽ വളർച്ച കൂടുകയാണ്ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡിനെ വിജയകരമായി മറികടക്കുമ്പോൾ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിർത്താനും സാധിച്ചതായി ദുബൈ എയർപോർട്സ്ചീഫ് എക്സിക്യൂട്ടീവ് പോൾ ഗ്രിഫിത്സ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. ഈ വർഷം ജൂൺവരെയുള്ള ആറുമാസത്തിൽ 2.79കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കോവിഡ് പ്രതിസന്ധി കാലത്ത് ഏറ്റവും മികച്ച രീതിയിൽ ജോലി സ്ഥലം രൂപകൽപന ചെയ്തതിന് കഴിഞ്ഞ ആഴ്ച ദുബൈ വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരുന്നു.
Adjust Story Font
16