ദുബൈ എയർഷോ സമാപിച്ചു; വ്യോമയാന മേഖലയിൽ ശതകോടികളുടെ കരാർ ഒപ്പിട്ടു
48 രാജ്യങ്ങളിൽ നിന്ന് വ്യാമയാന രംഗത്തെ 1400 പ്രദർശകർ പങ്കെടുത്തു
ദുബൈ: അഞ്ച് ദിവസം നീണ്ട ദുബൈ എയർഷോക്ക് കൊടിയിറങ്ങി. വ്യോമയാന മേഖലയിൽ ശതകോടികളുടെ കരാർ ഒപ്പിട്ടാണ് മേള സമാപിച്ചത്. യുഎഇ പ്രതിരോധ മന്ത്രാലയം മാത്രം 23 ശതകോടി ദിർഹത്തിലേറെ ഇടപാടുകൾ എയർഷോയിൽ നടത്തിയെന്നാണ് കണക്കുകൾ.
കോവിഡിന് ശേഷം വ്യോമയാന മേഖല നടത്തിയ കുതിപ്പ് വ്യക്തമാക്കുന്നതായിരുന്നു ഈവർഷത്തെ എയർഷോ. ഒന്നേകാൽ ലക്ഷം പേർ വ്യോമ മേളയിൽ പങ്കെടുത്തു. 48 രാജ്യങ്ങളിൽ നിന്ന് വ്യാമയാന രംഗത്തെ 1400 പ്രദർശകർ പങ്കെടുത്തു.
വ്യോമയാന രംഗത്തെ 300 വിദഗ്ദർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ആദ്യ ദിനം 19,100 കോടിയുടെ വമ്പൻ കരാറിന് പ്രദർശനം സാക്ഷിയായി. യുഎഇ പിന്നീടുള്ള ദിവസങ്ങളിലും ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകളിൽ വിവിധ അന്താരാഷ്രട കമ്പനികൾ ഒപ്പുവെച്ചു. ദുബൈയുടെ വിമാനക്കമ്പനികളായ എമിറേറ്റ്സ് എയർലൈൻസ്, ഫ്ളൈ ദുബായ് എന്നിവ 69 ബില്യൺ ഡോളറിലേറെ വിലമതിക്കുന്ന 140 വിമാനങ്ങൾക്ക് ഓർഡർ നൽകി. പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും ഇത്തവണയും പ്രദർശനത്തിലെത്തിയിരുന്നു. യുഎഇ പ്രതിരോധ മന്ത്രാലയം 23 ശതകോടി ദിർഹമിന്റെ 54 കരാറുകൾ എയർഷോയിൽ ഒപ്പിട്ടു. ഇന്ത്യയിൽ നിന്ന് പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് കെ. ഭട്ടിന്റെ നേതൃത്വത്തിൽ സംഘം എയർഷോ സന്ദർശിക്കുകയും യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് അഹമ്മദ് അൽ ബുവർദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Adjust Story Font
16