Quantcast

ദീപാവലി തിളക്കത്തിൽ ദുബൈ; നഗരത്തിൽ പലയിടത്തും വെടിക്കെട്ട്

യു.എ.ഇ പ്രസിഡന്റും പ്രധാനമന്ത്രിയും ഹിന്ദിയടക്കമുള്ള ഭാഷകളിൽ ദീപാവലി ആശംസകൾ പങ്കുവെച്ചു

MediaOne Logo

Web Desk

  • Published:

    31 Oct 2024 4:59 PM GMT

Dubai celebrate Diwali
X

ദുബൈ: ദുബൈ നഗരം ദീപാവലി തിളക്കത്തിൽ. നൂർ- ദി ഫെസ്റ്റിവെൽ ഓഫ് ലൈറ്റ്‌സ് എന്ന പേരിൽ പ്രത്യേക പരിപാടിയൊരുക്കിയാണ് ദുബൈ ഇത്തവണ ദീപാവലിയെ വരവേറ്റത്. യു.എ.ഇ പ്രസിഡന്റും പ്രധാനമന്ത്രിയും ഹിന്ദിയടക്കം ഭാഷകളിൽ ദീപാവലി ആശംസകൾ പങ്കുവെച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദീപാവലി ആശംസകൾ നേർന്നത്.

ഉത്തരേന്ത്യൻ നഗരത്തെ പോലെ ദീപങ്ങളാൽ അലംകൃതമാണ് ദുബൈ നഗരത്തിലെ പല കെട്ടിടങ്ങളും. ദുബൈ അൽസീഫിൽ ദിവസങ്ങൾക്ക് മുമ്പേ ദീപാവലി ആഘോഷം തുടങ്ങിയിരുന്നു. നാട്ടിൽ നിന്ന് കലാകാരൻമാരെ എത്തിച്ചാണ് ഇവിടെ മൂന്ന് ദിവസത്തെ ദീപാവലി മേളയൊരുക്കിയത്. അൽസീഫിൽ രാത്രി ഒമ്പതിന് പ്രത്യേക വെടിക്കെട്ടും ഒരുക്കിയിരുന്നു.

ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായി കൈകോർത്താണ് ദുബൈ ഭരണകൂടം നൂർ ദി ഫെസ്റ്റിവെൽ ഓഫ് ലൈറ്റ്‌സ് ഒരുക്കുന്നത്. ഈമാസം 28 വരെയായിരുന്നു അൽസീഫിലെ ആഘോഷ പരിപാടികൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നവംബർ ഏഴ് വരെ ദീപാവലി ആഘോഷങ്ങൾ തുടരും.

ജുമൈറ പാർക്കിലെ ബ്രീട്ടീഷ് സ്‌കൂൾ, ദുബൈ ഇത്തിസലാത്ത് അക്കാദമി, ദുബൈ ഇന്ത്യൻ ഹൈസ്‌കൂൾ, സബീൽ തിയേറ്റർ എന്നിവിടങ്ങിൽ വിവിധ സാംസ്‌കാരിക പരിപാടികൾ നടക്കും. ഈ ദിവസങ്ങളിൽ ദുബൈയിലെ വിവിധ വാണിജ്യസ്ഥാപനങ്ങൾ വിലക്കുറവും സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story