സ്പെയർ പാർട്സുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി
സ്പെയർ പാർട്സുകളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തു. ദുബൈ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ഒന്നിൽനിന്നാണ് 3.7 കിലോ കഞ്ചാവുമായി പ്രതികൾ പിടിയിലായത്. ആഫ്രിക്കൻ യാത്രക്കാരനാണ് വാഹനത്തിന്റെ എയർ ഫിൽട്ടറുകൾക്കുള്ളിൽ വളരെ വിദഗ്ധമായി പൊതിഞ്ഞ് സൂക്ഷിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
യാത്രക്കാരുടെ സാധനങ്ങൾ എക്സ്റേ സ്‌കാൻ ചെയ്യുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയാസ്പദമായ രീതിയിൽ എയർ ഫിൽട്ടറുകൾക്ക് ചുറ്റും വിദഗ്ധമായി പൊതിഞ്ഞുവച്ച ചെറിയ റോളുകൾ കണ്ടെത്തിയത്. തുടർന്ന് ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. നാർക്കോട്ടിക് ഡിറ്റക്ടറിലൂടെ പദാർത്ഥം പരിശോധിച്ചതോടെയാണ് മൊത്തം 3.7 കിലോഗ്രാം കഞ്ചാവാണ് ഇത്തരത്തിൽ സുരക്ഷിതമായി പാക്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്. പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമങ്ങൾ തടയാനായി രാജ്യത്ത് ആധുനികവും വിപുലവുമായ സൗകര്യങ്ങളാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പാസഞ്ചർ ഓപ്പറേഷൻസ് ടെർമിനൽ 1 സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു. ഇതിലൂടെ മയക്കുമരുന്ന് കടത്തുകേസുകൾ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16