ദുബൈ എക്സ്പോ: ഇന്ത്യൻ പവലിയൻ ഓഗസ്റ്റില്‍ സജ്ജമാകും
പവലിയനില്‍ 75 വർഷത്തെ ഇന്ത്യൻ ചരിത്രം ആവിഷ്കരിക്കും
ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയൻ ഓഗസ്റ്റ് അവസാനത്തോടെ സജ്ജമാകും. യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. 2019 ഓഗസ്റ്റിൽ ആരംഭിച്ച ഇന്ത്യൻ പവലിയന്‍റെ നിർമാണം അവസാനഘട്ടത്തിലാണ്.
ഇന്ത്യൻ കൊമേഴ്സ് ആൻഡ് കമ്മീഷണർ ജനറൽ അഡീഷനൽ സെക്രട്ടറി എസ്. കിഷോർ, ഇന്ത്യൻ അംബാസഡർ പവൻ കപൂർ, കോൺസുൽ ജനറൽ അമൻ പുരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. തുടർന്ന് പ്രതിനിധി സംഘം ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. 8,736 ചതുരശ്ര മീറ്റിലുള്ള പവലിയന്‍റെ ഘടന പൂർത്തിയായി.
ഇൻറീരിയർ ജോലികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും. രാജ്യത്തിന്‍റെ മുക്കാൽ നൂറാണ്ടിന്‍റെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യൻ പവിലിയൻ. നൂതന സാങ്കേതിക വിദ്യകൾക്കും ബിസിനസ് സാധ്യതകൾക്കും പവലിയൻ അവസരമൊരുക്കും. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റീം അൽ ഹാഷ്മി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും എക്സ്പോയിലെ ഇന്ത്യൻ പങ്കാളിത്തമെന്നും പരമാവധി മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്നും എസ്. കിഷോർ പറഞ്ഞു.
Adjust Story Font
16