ദുബൈ എക്‌സ്‌പോ 11 ദിവസം പിന്നിടുന്നു; ഇതുവരെ നാലുലക്ഷത്തിലധികം സന്ദർശകർ
175 രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ ഇതുവരെ എക്സ്പോയില്‍ പങ്കെടുത്തു
ദുബൈ എക്‌സ്‌പോയുടെ ആദ്യ പത്തുദിവസം മേള ആസ്വദിക്കാൻ ടിക്കറ്റെടുത്ത് എത്തിയവർ നാല് ലക്ഷത്തിലേറെ. ഇതിൽ മൂന്നിലൊന്നും വിദേശത്ത് നിന്നെത്തിയ സന്ദർശകരാണെന്ന് എക്‌സ്‌പോ അധികൃതർ പറയുന്നു.
4,11,768 പേരാണ് ആദ്യ പത്തുദിവസം എക്‌സ്‌പോ കാണാൻ ടിക്കറ്റെടുത്ത് വേദിയിലെത്തിയത്. ഇതിൽ 175 രാജ്യക്കാരുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മേളയുടെ ഔദ്യോഗിക പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, വളണ്ടിയർമാർ എന്നിവർ ഈ കണക്കിൽ ഉൾപ്പെടുന്നില്ല.
എക്‌സ്‌പോയുടെ ആദ്യ ആഴ്ച ഗംഭീര വിജയമാണെന്ന് അന്താരാഷ്ട്ര എക്‌സ്‌പോ സെക്രട്ടറി ജനറൽ ദിമിത്രി എസ്. കെർകൻറസ് പറഞ്ഞു. ആദ്യ ദിവസങ്ങളിലെ സന്ദർശകരിൽ മൂന്നിലൊന്ന് യു.എ.ഇക്ക് പുറത്തു നിന്ന് എത്തിച്ചേർന്നവരാണ്. രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഇനിയും സന്ദർശകരുടെ എണ്ണം വർധിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ജനപങ്കാളിത്തത്തിൽ ഏറെ തൃപ്തിയുണ്ടെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുംഎക്‌സ്‌പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി പറഞ്ഞു. മേളയിലെ വിനോദ-വിജ്ഞാന പരിപാടികൾ വരും ആഴ്ചകളിൽ കൂടുതൽ സമ്പന്നമാകുമെന്നും റീം അൽ ഹാശ്മി അറിയിച്ചു.
Adjust Story Font
16