ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ
ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ. ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഹീത്രുവിൽ 34 ലക്ഷം യാത്രക്കാരാണെത്തിയത്.
ആംസ്റ്റർഡാം , പാരിസ് , ഇസ്താംബൂൾ , ഫ്രാങ്ക്ഫർട്ട് , ദോഹ ലണ്ടനിലെ ഗാറ്റ്വിക്ക്, സിംഗപ്പൂർ , മഡ്രിഡ് എന്നീ വിമാനത്താവളങ്ങൾ ആദ്യ പത്തിൽ ഇടംപിടിച്ചു. ഏറ്റവും തിരക്കേറിയ എയർലൈൻ റൂട്ടുകളിലും ദുബൈയുടെ പങ്കുണ്ട. ദുബൈ -റിയാദ്, മുംബൈ-ദുബൈ, ദുബൈ-ഹീത്രൂ എന്നിവയാണ് ഏറ്റവും തിരക്കേറിയ റൂട്ടുകൾ. ജീവനക്കാരെ വെട്ടിക്കുറച്ചത് മൂലം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന്‍റെ ശേഷി അടുത്തിടെ കുറച്ചിരുന്നു. ഇതോടെ നിരവധി വിമാനങ്ങൾ റദ്ധാക്കി. ഇതോടെയാണ് ഹീത്രു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഈ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്. മെയ്, ജൂൺ മാസങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി റൺവേ അടച്ചിട്ടിരുന്നതിനാൽ ആയിരത്തോളം സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ദുബൈ അൽ മക്തൂം എയർപോർട്ടിലേക്കാണ് കൂടുതൽ സർവീസുകളും തിരിച്ചുവിട്ടത്. ഇത് ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു.
Adjust Story Font
16