പാരിസിനെയും മാഡ്രിഡിനെയും പിന്തള്ളി; ഏറ്റവും മികച്ച അവധിക്കാല വിനോദ നഗരമായി ദുബൈ
പഠനവിധേയമാക്കിയ 136 രാജ്യങ്ങളിൽ 21 രാജ്യങ്ങളും ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ നഗരം ദുബൈ ആണ്
ലോകത്തിലെ ഏറ്റവും മികച്ച അവധിക്കാല നഗരമെന്ന റെക്കോർഡ് ഇനി അമ്പരച്ചുമ്പികളുടെ നഗരമായ ദുബൈക്കെന്ന് റിപ്പോർട്ട്. ഈ വിഭാഗത്തിൽ എന്നും മുന്നിൽ നിന്നിരുന്ന പാരിസിനെയും മാഡ്രിഡിനെയും പോലുള്ള പ്രമുഖ യൂറോപ്യൻ നഗരങ്ങളാണ് ദുബൈയുടെ തലപ്പൊക്കത്തിന് മുന്നിൽ തലകുനിച്ചത്.
യു.കെ ആസ്ഥാനമായുള്ള പ്രീമിയർ ഇൻ നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ വിനോദ നഗരമായി ദുബൈ മുന്നിലെത്തിയത്.
അവധിക്കാലം ആഘോഷിക്കുന്നവർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് യു.എ.ഇയിലേക്കാണ്. പഠനവിധേയമാക്കിയ 136 രാജ്യങ്ങളിൽ 21 രാജ്യങ്ങളും ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ നഗരം ദുബൈ ആണെന്ന് റിപ്പോർട്ട് പറയുന്നു. ഗൂഗിളിൽ നിന്നുള്ള കീവേഡ് ഡാറ്റയെ അടിസ്ഥാനമാക്കി, മൊത്തം 136 നഗരങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് പ്രീമിയർ ഇൻ പഠനം നടത്തിയത്. പാരീസ്, മാഡ്രിഡ്, ബോസ്റ്റൺ തുടങ്ങിയ ജനപ്രിയ നഗരങ്ങളെല്ലാം ദുബൈക്ക് പിന്നിലായെന്ന് പഠനം വെളിപ്പെടുത്തുന്നു.
ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, കെനിയ, ഉഗാണ്ട, സിയറ ലിയോൺ, ഗാംബിയ, ലൈബീരിയ, ഘാന, നൈജീരിയ, കാമറൂൺ, ബെനിൻ, മാലിദ്വീപ്, അസർബൈജാൻ, സീഷെൽസ്, മൗറീഷ്യസ്, ടാൻസാനിയ, മലാവി, മൊസാംബിക്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ദുബൈയെയാണ് തങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട നഗരമായി ഗൂഗിളിൽ തിരഞ്ഞിരിക്കുന്നത്.
ദുബൈയെ 2025ഓടെ ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദ കേന്ദ്രമാക്കി മാറ്റുകയെന്ന ദുബൈ ടൂറിസം സ്ട്രാറ്റജിക്കിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ഈ മുന്നേറ്റം. ടൂറിസം വ്യവസായത്തെ എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയിൽ സുപ്രധാന ഘടകമാക്കി മാറ്റി, ആ വർഷം 25 ദശലക്ഷത്തിലധികം സന്ദർശകരെ നഗരത്തിലെത്തിക്കുകയാണ് ദുബൈ ടൂറിസം സ്ട്രാറ്റജിയുടെ പ്രധാന അജണ്ട.
Adjust Story Font
16