Quantcast

യാത്രക്കാരെ വലച്ച് ദുബൈ-കൊച്ചി സ്‌പൈസ് ജെറ്റ്; വൈകുന്നത് 20 മണിക്കൂറിലേറെ

സ്‌പൈസ് ജെറ്റ് ബദൽ സൗകര്യം ഏർപ്പെടുത്തിയില്ലെന്ന് യാത്രക്കാർ

MediaOne Logo

Web Desk

  • Published:

    31 Jan 2023 6:17 PM GMT

യാത്രക്കാരെ വലച്ച് ദുബൈ-കൊച്ചി സ്‌പൈസ് ജെറ്റ്; വൈകുന്നത് 20 മണിക്കൂറിലേറെ
X

ദുബൈ-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര മാറ്റിവെച്ചത് യാത്രക്കാരെ വലച്ചു. ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട വിമാനം നാളെ രാവിലെ മാത്രമേ യാത്ര തുടരൂ എന്നാണ് അറിയിപ്പ്. നൂറിലേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. ഇന്ന് ഉച്ചക്ക് 12:10 ന് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എസ് ജി 17 സ്‌പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം യാത്ര മാറ്റി വെച്ചത്. ചെക്ക് ഇൻ, എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ പ്രവേശിക്കാൻ ഗേറ്റിൽ കാത്തുനിൽക്കവെയാണ് സാങ്കേതിക തകരാറുള്ളതിനാൽ വിമാനം ഒരു മണിക്കൂർ വൈകുമെന്ന് ആദ്യം അറിയിപ്പ് വന്നത്. പിന്നീട് പലതവണ സമയം നീട്ടി. ഒടുവിൽ നാളെ രാവിലെ 7:30 ന് ശേഷം മാത്രമേ വിമാനം യാത്ര തുടരൂവെന്ന എസ്എംഎസ് സന്ദേശം യാത്രക്കാർക്ക് ലഭിച്ചു.

20 മണിക്കൂറോളം വിമാനം വൈകുമെന്ന് അറിയിച്ചിട്ടും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ സ്‌പൈസ് ജെറ്റ് അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഹോട്ടൽ താമസം ഏർപ്പെടുത്തുന്നതിന് പകരം രാത്രി മുഴുവൻ എയർപോർട്ടിലെ ലോഞ്ചിൽ കഴിയാനായിരുന്നു നിർദേശം. വയോധികർക്കും ചെറിയകുട്ടികളുള്ള സ്ത്രീകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുമതിയില്ലാത്തതിനാൽ സന്ദർശകവിസയിലെത്തി മടങ്ങുന്നവരാണ് ഏറെ ബുദ്ധിമുട്ടിയത്. താമസവിസയിലുള്ളവരോട് വീട്ടിലേക്ക് മടങ്ങാനും നിർദേശം നൽകി. ഇന്ത്യയിൽ നിന്ന് യന്ത്രഭാഗങ്ങൾ എത്തിച്ച് വേണം വിമാനത്തിന്റെ അറ്റകുറ്റപണികൾ തീർക്കാൻ. ഇതാണ് വിമാനം ഇത്രയും വൈകാൻ കാരണമെന്നാണ് വിവരം.

Dubai-Kochi SpiceJet flight delayed due to technical glitch, leaving passengers stranded

TAGS :

Next Story