വിസാ സമയപരിധി കഴിഞ്ഞ് തങ്ങുന്നവരെ നാടുകാത്തുമെന്ന പ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ
ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നു തോന്നിപ്പിക്കുമാറാണ് വ്യാജ പ്രചാരണം നടക്കുന്നത്
ദുബൈ: സന്ദർശക വിസാ സമയപരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകാത്തുമെന്ന പ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസുകൾ മുഖേനയുള്ള വാർത്തകളെ മാത്രം ആശ്രയിക്കണമെന്നും ദുബൈ എമിഗ്രേഷൻ അധികൃതർ അറിയിച്ചു.
സന്ദർശകവിസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാട് കടത്തും എന്നായിരുന്നു സമൂഹ മാധ്യമങ്ങൾ മുഖേനയുള്ള വ്യാപക പ്രചാരണം. വിസാ പരിധി തീർന്ന് അഞ്ച് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായും തെറ്റായ പ്രചാരണം നടന്നു. ഈ സാഹചര്യത്തിലാണ് ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ വിശദീകരണം. ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നു തോന്നിപ്പിക്കുമാറാണ് വ്യാജ പ്രചാരണം നടക്കുന്നത്.
സന്ദർശക വിസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും നിശ്ചിത തുക ഫൈൻ നൽകണം എന്നതാണ് നിലവിലെ വ്യവസ്ഥ. നിയമത്തിൽ പുതുതായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നിരിക്കെ, തെറ്റായ പ്രചാരണം ശരിയല്ലെന്നും അധികൃതർ വിശദീകരിച്ചു. വാർത്തകൾക്ക് ഔദ്യോഗിക വാർത്താ സ്രോതസുകളെ വേണം അവലംബിക്കാനെന്നും ദുബൈ എമിഗ്രേഷൻ അധികൃതർ കൂട്ടിച്ചേർത്തു.
Adjust Story Font
16