ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്ക് റീചാർജിങ് സ്റ്റേഷൻ പദ്ധതിയുമായി ദുബൈ ആർ.ടി.എ
സ്റ്റേഷൻ ഒരുക്കാൻ ടെൻഡർ ക്ഷണിച്ചു
ദുബൈ: ദുബൈയിൽ ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്ക് റീചാർജിങ് സ്റ്റേഷൻ വരുന്നു. ബൈക്കുകൾ റീചാർജ് ചെയ്യാനും ബാറ്ററി മാറ്റി നൽകാനും കഴിയുന്ന കേന്ദ്രങ്ങളൊരുക്കാൻ ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു.
ഡെലിവറി സേവനത്തിനായി ദുബൈയിൽ 40,000 ലേറെ ബൈക്കുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിസ്ഥിതി സൗഹൃദമായതിനാൽ ഡെലിവറിരംഗത്ത് ഇലക്ട്രിക് ബൈക്കുകളെ പ്രോൽസാഹിപ്പിക്കാനാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്ക് ചാർജിങ് ആൻഡ് സ്വാപ്പിങ് സ്റ്റേഷനൊരുക്കാൻ ആർ.ടി.എ തയാറെടുക്കുന്നത്.
ആദ്യ ഘട്ടത്തിൽ അൽബർഷ, അൽറിഗ്ഗ, സബീൽ, മംസാർ തുടങ്ങിയ മേഖലകളിലാണ് ഇത്തരം സ്റ്റേഷനുകൾ നിർമിക്കുക. ഇവിടെ ഡെലിവറി ബൈക്കുകൾ ചാർജ് ചെയ്യാനും ചാർജ് ചെയ്ത ബാറ്ററികൾ മാറ്റിയിട്ട് ഓടിക്കാൻ കഴിയുന്ന സ്വാപ്പിങിനും സംവിധാനമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാകും ആർ.ടി.എ പദ്ധതി പൂർത്തിയാക്കുക.
Adjust Story Font
16