ഷെയറിങ് ടാക്‌സിയുമായി ദുബൈ ആർ.ടി.എ
ദുബൈ ഇബ്‌നുബത്തൂത്തയിൽ നിന്ന് അബൂദബിയിലെ അൽവഹ്ദയിലേക്കാണ് ഷെയറിങ് ടാക്‌സികൾ സർവീസ് ആരംഭിച്ചത്
ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് ഷെയറിങ് ടാക്‌സി സേവനമാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. യാത്രക്കാർക്ക് ടാക്‌സി നിരക്ക് 75 ശതമാനം വരെ ലാഭിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ദുബൈ ഇബ്‌നുബത്തൂത്തയിൽ നിന്ന് അബൂദബിയിലെ അൽവഹ്ദയിലേക്കാണ് ദുബൈ ആർ.ടി.എയുടെ ഷെയറിങ് ടാക്‌സികൾ സർവീസ് ആരംഭിച്ചത്.
നാലുപേർക്ക് ഷെയറിങ് ടാക്‌സിയിൽ സഞ്ചരിക്കാം. ടാക്‌സി നിരക്ക് ഇവർ പങ്കിട്ട് അടച്ചാൽ മതി. ബാങ്ക് കാർഡ്, നോൽ കാർഡ് എന്നിവ വഴി ടാക്‌സി ചാർജ് അടക്കാം. ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് ഒറ്റക്ക് സഞ്ചരിക്കാൻ 200 ദിർഹമിനടുത്താണ് ടാക്‌സി ചാർജ്. ഇത് നാലുപേർ പങ്കിട്ടെടുത്താൽ ഒരാൾക്ക് 50 ദിർഹം മാത്രം ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.
ഗതാഗത കുരുക്കും കാർബൺ ബഹിർഗമനവും കുറയ്ക്കാൻ ഷെയറിങ് ടാക്‌സികൾ സഹായിക്കും എന്നത് മാത്രമല്ല അനധികൃത ടാക്‌സികളെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആർ.ടി.എ ആദിൽ ശക്‌റി പറഞ്ഞു. ആറുമാസത്തേക്കാണ് ഷെയറിങ് ടാക്‌സികളുടെ പരീക്ഷണ സർവീസ്. ഇത് വിജയിച്ചാൽ ഭാവിയിൽ മറ്റ് എമിറേറ്റുകളിലേക്ക് കൂടി സേവനം വ്യാപിക്കാനാണ് തീരുമാനം.
Adjust Story Font
16