ദുബൈ സ്കൂളിൽ ഫീസ് വർധനക്ക് അനുമതി; 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാം
ഗുണനിലവാര റേറ്റിങ് അടിസ്ഥാനമാക്കും
ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനക്ക് അനുമതി. ഗുണനിലവാര റേറ്റിങ്ങിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ അനുമതി നൽകിയത്. തുടർച്ചയായി രണ്ടാംവർഷമാണ് ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനക്ക് അനുമതി നൽകുന്നത്.
പുതിയ അധ്യയനവർഷം വിദ്യാഭ്യാസരംഗത്തെ ചെലവ് സൂചിക 2.6 ശതമാനം ഉയർന്നുവെന്നാണ് അതോറിറ്റിയുടെ കണക്ക്. ഗുണനിലവാര റേറ്റിങ് വീക്കിൽ നിന്ന് ആക്സപ്റ്റബിളിലേക്കും, ആക്സപറ്റബിളിൽ നിന്ന് ഗുഡിലേക്കും മെച്ചപ്പെടുത്തിയ സ്കൂളുകളിൽക്ക് ഇതിന്റെ ഇരട്ടി ഫീസ് വർധിപ്പിക്കാൻ അനുമതി നൽകി. അതായത് 5.2 ശതമാനം വരെ ഇത്തരം സ്കൂളുകൾ ഫീസ് വർധിപ്പിക്കാം. ഗുഡിൽ നിന്ന് വെരിഗുഡ് ആയ വിദ്യാലയങ്ങൾക്ക് 4.55 ശതമാനവും, വെരിഗുഡിൽ നിന്ന് ഔട്ട്സ്റ്റാൻഡിങിലേക്ക് നിലവാരം മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് 3.6 ശതമാനവും ഫീസ് വർധിപ്പിക്കാൻ കെ.എച്ച്.ഡി.എ അനുമതി നൽകി.
പരിശോധനയിൽ നേരത്തേയുള്ള റേറ്റിങ് നിലനിർത്തിയ സ്കൂളുകൾക്ക് 2.6 ശതമാനവും ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നിലവാരം താഴേക്ക് പോയ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാനാവില്ല.
ദുബൈയിലെ 77 ശതമാനം സ്കൂളുകളും ഗുഡ് നിലവാരത്തിലുള്ളതിനാൽ മിക്ക രക്ഷിതാക്കൾക്കും ഫീസ് വർധന ബാധകമാകും. അതേസമയം, അനുമതി ലഭിച്ചെങ്കിലും ഫീസ് വർധിപ്പിക്കില്ലെന്ന് ഇന്ത്യൻ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂൾ അധികൃതർ പ്രഖ്യാപിച്ചത് രക്ഷിതാക്കൾക്ക് ആശ്വാസമായി. മൂന്ന് സ്കൂളുകളാണ് ഗ്രൂപ്പിന് കീഴിലുള്ളത്.
Adjust Story Font
16