ദുബൈയിൽ വരുന്നു, അതിവേഗ റോപ്‌വേ
മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന റോപ്‌വേ ഗതാഗത സംവിധാനമാണ് ദുബൈയിൽ ആവിഷ്കരിക്കുന്നത്
ദുബൈയിൽ യാത്രയ്ക്കായി അതിവേഗ 'റോപ്‌വേ' സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാഥമികഘട്ട നടപടികൾക്ക് റോഡ് ഗതാഗത അതോറിറ്റിയും ഫ്രഞ്ച് കമ്പനിയും കരാറിൽ ഒപ്പുവച്ചു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന റോപ്‌വേ സംവിധാനമാണ് ദുബൈയിൽ ആവിഷ്കരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുടെ കാബ്ലൈന് സംവിധാനമാകും നടപ്പിലാക്കുന്നത്. പൂർണമായും ഓട്ടോമാറ്റിക് ആയ ഡ്രൈവർരഹിത രീതിയാണിത്. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ ഷാർജയിൽ റോപ്‌വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.
നവീന കാബ്‌ലൈൻ സാങ്കേതികവിദ്യ ദുബൈക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് എംഎൻഡി സിഇഒ സാവിയർ ഗാലറ്റ് ലാവല്ലെ പറഞ്ഞു. പരമ്പരാഗത റോപ്‌വേ ഗതാഗത മാതൃകകളിൽനിന്ന് വ്യത്യസ്തമായി ആധുനികവും ഊർജ ഉപയോഗം കുറഞ്ഞതുമായ സംവിധാനമായിരിക്കും വികസിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. 2030ഓടെ ദുബൈ നഗരത്തിലെ 25 ശതമാനം ഗതാഗത സംവിധാനങ്ങളും യാത്രക്കാർക്ക് സ്വയം ഓടിക്കാൻ പര്യാപ്തമാക്കുകയാണ് ലക്ഷ്യം.
Adjust Story Font
16