കുട്ടികൾക്ക് ഇമാം പരിശീലനവുമായി ദുബൈ
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് 'ഇമാം അൽ ഫരീജ്' എന്ന പദ്ധതി പ്രഖ്യാപിച്ചത്
ദുബൈയിൽ കുട്ടികൾക്ക് ഇമാം പരിശീലനത്തിന് പദ്ധതി പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് 'ഇമാം അൽ ഫരീജ്' എന്ന പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ മതകാര്യവകുപ്പിന് കീഴിലാണ് കുട്ടികൾക്ക് ഇമാം പരിശീലനത്തിന് പദ്ധതി നടപ്പാക്കുക.
നേരത്തെ ബാങ്കുവിളി പരിശീലിക്കാനായി 'മുദ്ദിൻ അൽ ഫരീജ്' എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയിൽ 311 കുട്ടികൾ നഗരത്തിലെ 51 സ്ഥലങ്ങളിൽ നിന്നായി പങ്കെടുത്തിരുന്നു.
ബാങ്കുവിളി മൽസരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ശൈഖ് ഹംദാൻ പെരുന്നാൾ സമ്മാനം വിതരണം ചെയ്തു. കുട്ടികളിൽ ഇസ്‌ലാമിക, ഇമാറാത്തി മൂല്യങ്ങൾ വളർത്തിയെടുക്കുകയും കുടുംബങ്ങളുമായും പള്ളികളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തുകയാുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
സംരംഭം മത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും സേവിക്കാൻ കഴിവുള്ള ഒരു തലമുറയെ വളർത്തിയെടുക്കാനും സഹായിക്കുമെന്ന് ഇസ്‌ലാമികകാര്യ വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ദാർവിഷ് അൽ മുഹൈരിയും പറഞ്ഞു.
Adjust Story Font
16