ലോകകപ്പ് ആദ്യ സെമി പോരാട്ടം ഇന്ന്; ദുബൈ മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു
ഖത്തർ ലോകകപ്പിലെ ആവേശകരമായ ആദ്യ സെമി പോരാട്ടം ഇന്ന് നടക്കുന്നതിനാൽ ദുബൈ മെട്രോ സർവിസ് നടത്തുന്ന സമയം ദീർഘിപ്പിച്ചു. ദുബൈയുടെ എക്‌സ്‌പോ സിറ്റിയിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫാൻ സോണുകളിൽ ലോകകപ്പ് മത്സരം ആസ്വദിക്കാനെത്തുന്ന ആരാധകരെ കൂടി പരിഗണിച്ചാണ് മെട്രോ സർവിസ് നടത്തുന്ന സമയം ദീർഘിപ്പിച്ചിരിക്കുന്നത്.
ഫുട്‌ബോൾ മത്സരം അവസാനിച്ച് 45 മിനുട്ട് കഴിയുന്നതോടെയാണ് സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുറപ്പെടുക. അഥവാ മത്സരം കഴിഞ്ഞ് 45 മിനുട്ടുകൾക്കുള്ളിൽ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനിലെത്താത്തവർക്ക് അവസാന ട്രെയ്ൻ നഷ്ടപ്പെട്ടേക്കാം.
എന്നാൽ മത്സരങ്ങൾ അധിക സമയത്തേക്കോ പെനൽറ്റി ഷൂട്ടൗട്ടിലേക്കോ നീങ്ങാതെ, കൃത്യ സമയത്ത് തന്നെ അവസാനിക്കുകയാണെങ്കിൽ മുൻ നിശ്ചയിച്ച സമയത്തു തന്നെ മെട്രോ സർവിസ് അവസാനിപ്പിക്കും.
ഇന്ന് പുലർച്ചെ 5 amനാണ് മെട്രോ സർവിസ് ആരംഭിച്ചത്. നാളെ പുലർച്ചെ 2:30 am വരെയാണ് നിലവിലെ സർവിസ് സമയമായി നിശ്ചയിച്ചിട്ടുള്ളത്. ഈ സമയത്തിനാണ് മത്സര ദൈർഘ്യത്തിനനുസരിച്ച് മാറ്റം സംഭവിക്കുക.
കൂടാതെ തത്സമയ ഗതാഗത സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിനനുസരിച്ച് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സെമി മത്സര ദിവസത്തിലും ഫൈനൽ നടക്കുന്ന ദിവസത്തിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാകുമെന്നും ആർ.ടി.എ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16