ദുബൈ മെട്രോയിലെ ഇ-സ്‌കൂട്ടർ വിലക്ക് പിൻവലിച്ചു
സീറ്റില്ലാത്ത, മടക്കാൻ കഴിയുന്ന ഇ സ്‌കൂട്ടറുകളാണ് മെട്രോയിലും ട്രാമിലും കൂടെക്കൊണ്ടുപോവാനാവുക
ദുബൈ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. എട്ടു മാസമായി നിലനിന്ന നിരോധനമാണ് അതോറിറ്റി എടുത്തു കളഞ്ഞത്. കർശന മാർഗനിർദേശങ്ങളോടെയാണ് ഇ-സ്‌കൂട്ടറുകൾക്കുള്ള നിരോധനം ആർ.ടി.എ പിൻവലിച്ചത്. സീറ്റില്ലാത്ത, മടക്കാൻ കഴിയുന്ന ഇ സ്‌കൂട്ടറുകളാണ് മെട്രോയിലും ട്രാമിലും കൂടെക്കൊണ്ടു പോകാനാവുക. 20 കിലോഗ്രാമിൽ കൂടാത്ത നിശ്ചിത അളവിലുള്ള സ്‌കൂട്ടറുകൾ മാത്രമേ അനുവദിക്കൂ.
ഇ-സ്‌കൂട്ടറുകൾ മെട്രോ സ്റ്റേഷനിലോ ട്രാം പരിസരത്തോ ചാർജ് ചെയ്യാൻ പാടില്ല, നനഞ്ഞതോ വൃത്തികേടായതോ ആയ വാഹനങ്ങൾ കയറ്റരുത്, സ്റ്റേഷന് അകത്തോ കാൽനടപ്പാലത്തിലോ സ്‌കൂട്ടർ ഓടിക്കരുത്, സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും കയറുമ്പോൾ മടക്കിവയ്ക്കണം, യാത്രയിലുടനീളം വാഹനം ഓഫ് ചെയ്യണം, സഹയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് ആർ.ടി.എ പുറപ്പെടുവിച്ചിട്ടുള്ളത്.
പൊതുജന സുരക്ഷ മുൻനിർത്തി ഈ വർഷം മാർച്ച് ഒന്നിനാണ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകൾ നിരോധിച്ചത്. ദുബൈ നഗരത്തിൽ ചെറിയ യാത്രകൾക്ക് ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്‌കൂട്ടറുകൾ.
Adjust Story Font
16