സാമ്പത്തികമുന്നേറ്റം; യു.എ.ഇയും സൗദിയും കുതിക്കുന്നു, തൊഴിൽ വിപണിക്കും നല്ലകാലം
എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ് ഇരു രാജ്യങ്ങൾക്കും തുണയായത്

ദുബൈ: നാലു വർഷത്തിനിടയിലെ ഏറ്റവും മികച്ച സാമ്പത്തിക സ്ഥിതിയിൽ യു.എ.ഇയും സൗദി അറേബ്യയും. രണ്ടിടങ്ങളിലും തൊഴിൽ വിപണിയിൽ ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും എസ് ആന്റ് പി ഗ്ലോബൽ പർച്ചേസിങ് മാനേജേഴ്സ് സൂചികാ സർവേ റിപ്പോർട്ട് വെളിപ്പടുത്തി. എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ് ഇരു രാജ്യങ്ങൾക്കും തുണയായത്.
കോവിഡാനന്തരം ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ് കഴിഞ്ഞ മാസം ഇരു രാജ്യങ്ങളിലും പ്രകടമായതെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. പുതിയ ബിസിനസ് ഓർഡറുകൾ എല്ലാ കമ്പനികൾക്കും ധാരാളമായി ലഭിക്കുന്നുണ്ട്. സൂചികാ സർവേയിൽ മെയ് മാസത്തിലെ 58.5ൽ നിന്ന് ജൂണിൽ സൗദിയുടെ നില 59.6 ലേക്ക് ഉയർന്നു. യു.എ.ഇയുടെത് 55.5ൽ നിന്ന് 56.9 ലേക്കും ഉയർന്നു.
റിയാദ് ബാങ്കിന്റെ സർവേ റിപ്പോർട്ടിലും സൗദിയുടെ സാമ്പത്തിക പുരോഗതി വ്യക്തമാണ്. സൗദി അറേബ്യക്കും യു.എ.ഇക്കും എണ്ണവിപണിയിൽ നിന്ന് വലിയ സാമ്പത്തിക നേട്ടം രൂപപ്പെടുത്താനായി. ഇതോടൊപ്പം എണ്ണയിതര വിപണിയിലും അപ്രതീക്ഷിത വരുമാനനേട്ടമാണുള്ളത്.
അതേസമയം എണ്ണവില ഇനിയും ഇടിയുന്ന പക്ഷം ഇരു സമ്പദ് ഘടനക്കും അത് ക്ഷീണം വരുത്തും. സാമ്പത്തിക വളർച്ച ഏറ്റവും തുണയായി മാറുന്നത് തൊഴിൽ വിപണിക്കാണ്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് രണ്ട് രാജ്യങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്. യു.എ.ഇയിൽ എമിറേറ്റ് ഗ്രൂപ്പ് മാത്രം 2022-23 കാലയളവിലായി പതിനായിരക്കണക്കിന് പുതിയ റിക്രൂട്ട്മെന്റാണ് നടത്തിയത്. സാമ്പത്തിക സ്ഥിതി നിലവിലെ സ്വഭാവത്തിൽ തുടരുകയാണെങ്കിൽ റിക്രൂട്ട്മെന്റ് രംഗത്ത് ഇനിയും വൻ ഉണർവിനാണ് സാധ്യതയെന്നും സാമ്പത്തിക ഏജൻസികൾ വ്യക്തമാക്കുന്നു.
Adjust Story Font
16