പെരുന്നാള്‍ നിറവില്‍ പ്രവാസലോകം; സജീവമായി പള്ളികളും ഈദ് ഗാഹുകളും
പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം
പെരുന്നാള്‍ നിറവില്‍ പ്രവാസലോകം. പ്രവാസലോകത്തെ എല്ലാ രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ നിറവിലാണ്. പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ എണ്ണമറ്റ ഈദ്ഗാഹുകളും പള്ളികളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.
സാമൂഹിക അകലം പാലിച്ചാണ് പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരം നടന്നത്. കോവിഡ് നിർദേശം കര്‍ശനമായി പാലിക്കണമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ്ഗാഹുകളും ഇക്കുറി സജ്ജമായിരുന്നു. യു.എ.ഇയിലും മറ്റും മലയാളി ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു.
യു.എ..ഇയിൽ നമസ്കാരവും ഖുത്ബയും ചേർത്ത് 20 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് കുറഞ്ഞെങ്കിലും മാഹാമാരിക്കെതിരായ ജാഗ്രത കൈവിടാതെയാണ് ഇക്കുറിയും പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസ ലോകം പ്രവേശിക്കുന്നത്.
വിപണിയിൽ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. എല്ലാ ഷോപ്പിങ് മാളുകളും നിറഞ്ഞു കവിഞ്ഞു. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ കാര്യത്തിൽ വൻ വിറ്റുവരവാണ് ഉണ്ടായതെന്ന് വിവിധ റീട്ടെയിൽ വ്യാപാരികൾ അറിയിച്ചു.
യു.എ.ഇയില്‍ പെരുന്നാള്‍ സന്തോഷങ്ങളുടെ പൊലിമ ലഭിക്കാത്ത കൂട്ടരാണ് ഡെലിവറി ജോലിക്കാർ. പെരുന്നാൾ ദിനത്തിലും ഇവർക്ക് തിരക്ക് തന്നെയാകും. എന്നാൽ ഗ്രോസറി, കഫറ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പലർക്കും പെരുന്നാളിന് അവധി ലഭിച്ചേക്കും. വര്‍ഷത്തില്‍ രണ്ട് പെരുന്നാളിനാണ് ഇവരില്‍ പലര്‍ക്കും അവധി കിട്ടാറുള്ളത്. ഇതില്‍ തന്നെ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് ഇവർക്ക് പെരുന്നാള്‍.
Adjust Story Font
16