കാറുകൾ, സ്വർണക്കട്ടികൾ... കൈനിറയെ സമ്മാനങ്ങളുമായി ദുബൈയിൽ തൊഴിലാളികൾക്കായി ഈദാഘോഷം
ദുബൈ താമസകുടിയേറ്റ വകുപ്പാണ് ഈദാഘോഷം ഒരുക്കിയത്

ദുബൈ: ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം. കാറും സ്വർണവും വിമാനടിക്കറ്റും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളുമായി ദുബൈ താമസകുടിയേറ്റ വകുപ്പാണ് ഈദാഘോഷം ഒരുക്കിയത്.
കണ്ണഞ്ചിപ്പിക്കുന്ന വേദിയിൽ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ. സ്വപ്നത്തിലെന്ന പോലെയൊരു ആഘോഷമാണ് ബ്ലൂകോളർ തൊഴിലാളികൾക്കായി ദുബൈ ജിഡിആർഎഫ്എ അൽഖൂസിൽ ഒരുക്കിയത്. തൊഴിലാളികൾ ടിവിയിലും വീഡിയോയിലും മാത്രം കണ്ട് പരിചയമുള്ള താരങ്ങളും ഗായകരും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർമാരുമൊക്കെ നേരിട്ട് അവരുടെ മുന്നിലെത്തി. തൊഴിലാളികൾക്കൊപ്പം അവരും പാട്ടുപാടി, നൃത്തം ചവിട്ടി. കാറുകളും സ്വർണക്കട്ടികളും സൗജന്യവിമാനടിക്കറ്റ് ഉൾപ്പെടെ ലക്ഷകണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളാണ് ഈദാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് കൈമാറിയത്.
നമുക്കൊന്നിച്ച് ഈദാഘോഷിക്കാം എന്ന സന്ദേശത്തിൽ ഒരുക്കിയ പരിപാടിയിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ജിഡിആർഎഫ്എ ദുബൈ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഒമർ മത്വർ അൽ മുസൈന അടക്കം ഉന്നത ഉദ്യോഗസ്ഥർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Adjust Story Font
16