'യു.എ.ഇ യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ല'; വിശദീകരണവുമായി എമിറേറ്റ്സ്
ഈ മാസം 25 വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു
ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എമിറേറ്റ്സ് എയർലൈൻസ്. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കി. ഈ മാസം 25 വരെ സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിൽനിന്ന് വിമാന സർവീസ് സാധാരണ നിലയിലാക്കുന്നത് യു.എ.ഇ ഫെഡറൽ സർക്കാർ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കി. എപ്പോൾ വിമാന സർവീസ് പുനരാരംഭിക്കുമെന്ന് അന്തിമമായി പറയാൻ പറ്റില്ല. എങ്കിലും യാത്രക്കാർക്ക് ഈ പാതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതിനായി പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതായി കമ്പനി ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ അദ്നാൻ കാസിം പറഞ്ഞു.
യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനയാത്ര സർവീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. അതത് രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16