യുഎസ് വിമാനത്താവളങ്ങളിലെ 5ജി വികസനം; എമിറേറ്റ്‌സ് സര്‍വീസുകള്‍ വെട്ടിക്കുറച്ചപ്പോള്‍ മാറ്റങ്ങളില്ലാതെ ഇത്തിഹാദ്
എയര്‍ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള നിരവധി എയര്‍ലൈനുകള്‍ യുഎസിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിട്ടുണ്ട്
യുഎസിലെ ചില വിമാനത്താവളങ്ങളില്‍ 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം ആശങ്കയിലായിരിക്കുകയാണ് യുഎസിലേക്കുള്ള പ്രധാന വിമാന സര്‍വീസുകള്‍.
എമിറേറ്റ്‌സ് എയര്‍ലൈന്‍ ബുധനാഴ്ച മുതല്‍ യുഎസിലേക്കുള്ള നിരവധി ഫ്‌ളൈറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചപ്പോള്‍ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ സര്‍വീസുകളില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
5 ജി തരംഗങ്ങളുടെ സാന്നിധ്യം വിമാനത്തിന്റെ റേഡിയോ ആള്‍ട്ടിമീറ്ററിലെ എഞ്ചിനും ബ്രേക്കിങ് സിസ്റ്റങ്ങളും ലാന്‍ഡിങ് മോഡിലേക്ക് മാറുന്നത് തടയുമെന്ന് യുഎസ് ഏവിയേഷന്‍ റെഗുലേറ്റര്‍ ജനുവരി 14 ന് മുന്നറിയിപ്പ് നല്‍കിയതാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചിരിക്കുന്നത്.
ബോസ്റ്റണ്‍, ഷിക്കാഗോ, ഡാളസ് ഫോര്‍ട്ട് വര്‍ത്ത്, ഹ്യൂസ്റ്റണ്‍, മിയാമി, നെവാര്‍ക്ക്, ഒര്‍ലാന്‍ഡോ, സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍ എന്നീ 9 യുഎസ് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് ദുബൈയിലെ മുന്‍നിര എയര്‍ലൈനായ എമിറേറ്റ്‌സ നിര്‍ത്തിവച്ചിരിക്കുന്നത്.
ഈ പറഞ്ഞ ഏതെങ്കിലും എയര്‍പോര്‍ട്ടുകളിലേക്ക് ടിക്കറ്റ് കൈവശം വച്ചിരിക്കുന്ന ഉപഭോക്താക്കള്‍ ഉപഭോക്താക്കള്‍ നിലവില്‍ റീബുക്കിങ്ങിനായി ഉടന്‍ തങ്ങളെ വിളിക്കേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ സൂക്ഷിക്കണം, സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ട്രാവല്‍ ഏജന്റുമായോ ബുക്കിങ് ഓഫീസുമായോ ബന്ധപ്പെട്ട് പുതിയ യാത്രാ പ്ലാനുകള്‍ സ്വീകരിച്ചാല്‍ മതിയെന്ന് എമിറേറ്റ്‌സിന്റെ വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതേ സമയം, ന്യൂയോര്‍ക്ക് ജെഎഫ്കെ, ലോസ് ഏഞ്ചല്‍സ് (ലാക്‌സ്), വാഷിങ്ടണ്‍ ഡിസി (ഐഎഡി) എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം തന്നെ സര്‍വീസുകള്‍ നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വളരെ വേഗത്തില്‍ യുഎസ് സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.
അയുഎസിലെ 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ തങ്ങളുടെ പാസഞ്ചര്‍ ഫ്‌ളൈറ്റ് സര്‍വീസുകളെ ബാധിക്കില്ലെന്നാണ് ഇത്തിഹാദ് വക്താവ് അറിയിച്ചത്. നിലവില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ചിക്കാഗോ എന്നീ മൂന്ന് യുഎസ് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
അതേ സമയം, ആശങ്കകളെ തുടര്‍ന്ന് എയര്‍ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള നിരവധി എയര്‍ലൈനുകള്‍ യുഎസിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഇന്നുമുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് എയര്‍ ഇന്ത്യ ഔദ്യോഗിക ട്വീറ്റിലൂടെയാണ് യാത്രക്കാരെ അറിയിച്ചത്. ഡല്‍ഹിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, ജോണ്‍ എഫ് കെന്നഡി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും മുംബൈയില്‍ നിന്ന് നെവാര്‍ക്കിലേക്കുള്ള സര്‍വീസുമാണ റദ്ദാക്കിയത്. എന്നാല്‍ വാഷിങ്ടണ്‍ ഡിസിയിലെ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടില്ല.
5ജിയെ വിമാനങ്ങള്‍ ഭയക്കുന്നതെന്തുകൊണ്ട്
5ജി തരംഗങ്ങള്‍ വിമാനങ്ങളിലെ നിര്‍ണായകമായ ഉപകരണങ്ങളെ തകരാറിലാക്കുമെന്നാണ് വ്യോമയേന രംഗത്തെ പ്രമുഖര്‍ പറയുന്നത്. സി.ബാന്‍ഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് 5ജി നെറ്റ് വര്‍ക്കിന് വേണ്ടി ഉപയോഗിക്കുന്നത്. വിമാനങ്ങളിലും പറക്കുന്ന ഉയരം അളക്കുന്നതിനും ഇതിന് സമാനമായ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. 5ജിയുടെ തരംഗവും ഈ റേഡിയോ തരംഗവും സമാനമായതിനാല്‍ വിമാനത്തിലെ ഉപകരണങ്ങളെ ഉയരം അളക്കുന്നതിനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും മോശം കാലാവസ്ഥയില്‍ വിമാനങ്ങള്‍ അടിയന്തിരമായി ഇറക്കേണ്ടി വരുമ്പോള്‍ ഉയരം അറിയുന്നതിനെ തടസപ്പെടുത്തുമെന്നും ഇത് ഗുരുതര സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ബോയിങ്ങ് 777 പോലുള്ള എയര്‍ലൈനുകളില്‍ ഈ പ്രശ്നമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ട്.
അന്താരാഷ്ട്ര എയര്‍ലൈനുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, യുഎസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്മാര്‍ ഇപ്പോള്‍ ചില വിമാനത്താവളങ്ങളില്‍ 5ജി സേവനങ്ങള്‍ താല്‍ക്കാലികമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ വിമാനത്താവളത്തിന് സമീപത്തെ 5ജി ടവറുകളുടെ ശേഷി കുറയ്ക്കാമെന്ന് മൊബൈല്‍ കമ്പനികള്‍ പറഞ്ഞിട്ടുണ്ടെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയെ കൂടി ബാധിക്കുന്ന കാര്യമായതിനാല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ല എന്ന നിലാപാടിലാണ് വിമാനകമ്പനികള്‍.
Adjust Story Font
16