ഇ.പി ജയരാജന്റെ പുസ്തക വിവാദം; കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ്
പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്ന് ഡിസി ബുക്സ് ഉടമ രവി ഡിസി വ്യക്തമാക്കി
ഷാർജ: ഇ.പി ജയരാജന്റെ പുസ്‌തക വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് ഉടമ രവി ഡിസി. ഡിസി ബുക്സിന്റെ നിലപാട് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസി ബുക്സ് ഒരു ഫെസിലിറ്റേറ്റർ മാത്രമാണെന്നും പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും രവി ഡിസി വ്യക്തമാക്കി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നാണ് രവി ഡിസിയുടെ പ്രതികരണം.
പുസ്തക വിവാദവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. കേസെടുക്കാതെയുള്ള അന്വേഷണമാണ് ആദ്യം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
പരാതിയിൽ ആരുടേയും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കാത്തതിനാൽ തൽക്കാലം കേസ് രജിസ്റ്റർ ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ പ്രകാരമുള്ള ആരോപണങ്ങളാണ് ജയരാജൻ ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇത് തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി ഡിസി ബുക്സിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കും.
ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും നൽകിയിട്ടില്ലെന്നാണ് ഇ.പി ജയരാജൻ ആവർത്തിക്കുന്നത്. പക്ഷെ താനെഴുതിയ പുസ്തകത്തിന്റെ കരട് പുറത്തുപോയതിൽ ഇ.പിക്ക് സംശയമുണ്ട്. വിവാദത്തിന് പിന്നിൽ വഴിവിട്ട് എന്തോനടന്നതായി സംശയിക്കുന്നതായും ഇ.പി.ജയരാജൻ പറഞ്ഞു. പുസ്തകത്തിന്റെ കരട് ഭാഷാപരിശോധന നടത്താൻ കൊടുത്ത മാധ്യമ പ്രവർത്തകനിൽ നിന്ന് ചോർന്നോ എന്നും പരിശോധിക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
Adjust Story Font
16