മീഡിയവണ്‍ വിലക്ക് നീക്കിയ സുപ്രിം കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രവാസികള്‍
- മാധ്യമ സ്വാതന്ത്ര്യത്തിനായി മീഡിയണിന് ഒപ്പം നിന്ന ഗൾഫിലെ മാധ്യമപ്രവർത്തകരും സാമൂഹിക സംഘടനകളും വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു
യു.എ.ഇ: മീഡിയവണിന്‍റെ സംപ്രേഷണ വിലക്ക് നീക്കിയ സൂപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രവാസികൾ. മാധ്യമ സ്വാതന്ത്ര്യത്തിനായി മീഡിയണിന് ഒപ്പം നിന്ന ഗൾഫിലെ മാധ്യമപ്രവർത്തകരും സാമൂഹിക സംഘടനകളും വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു. ഗൾഫിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മകളും സാമൂഹിക സംഘടനകളും മീഡിയവണിന്റെ വിലക്ക് നീക്കിയ സൂപ്രീംകോടതിയുടെ വിധി ചരിത്രമാണെന്ന് വിലയിരുത്തി. മീഡിയവണിന്റെ വിലക്ക് നീക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്ന് ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഇബ്റാഹിം മുറിച്ചാണ്ടി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യൻ പൗരന്റെയും വിജയമാണ് മീഡിയവണിന്റെ വിലക്ക് നീക്കിയ വിധിയെന്ന് ഒ ഐ സി സി അഡ്വ. ഹാഷിക് തൈക്കണ്ടി പറഞ്ഞു. വിധി ജനാധിപത്യ വിശ്വാസികളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ജനാധിപത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വിജയമാണ് സുപ്രീം കോടതി വിധിയെന്ന് ഐ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് അഷ്‌റഫ് തച്ചറോത്ത് , ജനറൽ സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാൽ , ട്രഷറർ അനീഷ് റഹ്മാൻ നീർവേലി പറഞ്ഞു.
ജനാധിപത്യ അവകാശങ്ങളെ ഉയർത്തി പിടിക്കുന്ന വിധിയാണിതെന്ന് പ്രവാസി ഇന്ത്യ അഭിപ്രായപ്പെട്ടു. നിലപാടിലുറച്ച് മുന്നോട്ട് നീങ്ങാൻ മീഡിയവണിന് വിധി കരുത്ത് പകരുമെന്ന് പ്രസിഡന്റ് അബ്ദുൽ സവാദും ജന. സെക്രട്ടറി അരുൺ സുന്ദർ രാജും പറഞ്ഞു.
Adjust Story Font
16