ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ച് പണക്കവര്‍ച്ച; ഏഴംഗ സംഘം അറസ്റ്റിൽ
റാസൽഖൈമ പൊലീസാണ് ഏഴംഗ സംഘത്തെ പിടികൂടിയത്
ബാങ്കുകളില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ചും മറ്റും ഉപഭോക്താക്കളുടെ ഡാറ്റകള്‍ ശേഖരിച്ച് പണം കൊള്ളയടിച്ച ഏഴംഗ സംഘം റാസൽഖൈമയിൽ പിടിയിൽ. രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ശൃംഖലകളിലെ കണ്ണികളായ ഏഷ്യൻ വംശജരാണ് പിടിയിലായവർ. ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് തട്ടിപ്പു സംഘത്തെ വലയിലാക്കിയത്.
തട്ടിപ്പുസംഘത്തെ പിടികൂടിയ വിവരം റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് ആണ് അറിയിച്ചത്റാക് പൊലീസ് ഓപ്പറേഷന്‍ റൂമിൽ ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വന്‍ കുറ്റവാളി സംഘത്തെ കുടുക്കാൻ സഹായിച്ചത്. ബാങ്ക് പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് ഉപഭോക്താക്കളുമായി സംഘം ബന്ധപ്പെടുന്നത്. അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ്, ജോലി വിവരങ്ങൾ എന്നിവ കൈമാറുന്നതിനിടയില്‍ ഉപഭോക്താക്കള്‍ കവര്‍ച്ചക്ക് വിധേയമാക്കപ്പെടുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച റാക് ആഭ്യന്തര മന്ത്രാലയം ഷാര്‍ജ പൊലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ്കുറ്റവാളികളെ പിടികൂടിയത്. ഇവരില്‍ നിന്ന് പണവും യു.എ.ഇക്ക് പുറത്തുള്ളവരുടെ പേരിലുള്ള ബാങ്ക് കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. ലാപ്ടോപ്പ്, ഡയറി, ടാബ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും സംഘത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
അജ്ഞാത ഫോൺ സന്ദേശങ്ങളുടെ പുറത്ത് ഒരു വിവരവും കൈമാറരുതെന്ന് പൊലിസ് നിര്‍ദ്ദേശിച്ചു. ബാങ്കുകൾ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്ന സാമാന്യ വിവരം ഓർമയിൽ വേണമെന്നും പൊലിസ് വ്യക്തമാക്കി
Adjust Story Font
16