ഫാറൂഖ് കോളേജ് 75-ാം വാർഷിക നിറവിൽ; ദുബൈയിൽ പൂർവ വിദ്യാർത്ഥികളുടെ ഡയമണ്ട് ഫിയസ്റ്റ
ജീവകാരുണ്യ,വിദ്യാഭ്യാസ മേഖലകളിൽ പുതിയ പദ്ധതികൾക്കും ഫോസ യു.എ.ഇ ഘടകം രൂപം നൽകും
ദുബൈ: കോഴിക്കോട് ഫാറൂഖ് കോളജ് എഴുപത്തഞ്ചാം വാർഷികനിറവിൽ. ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫോസ യു.എ.ഇ ഘടകം ഒരുക്കുന്ന ഡയമണ്ട് ഫിയസ്റ്റ ശനിയാഴ്ച ദുബൈയിൽ നടക്കും. ജീവകാരുണ്യ,വിദ്യാഭ്യാസ മേഖലകളിൽ പുതിയ പദ്ധതികൾക്കും ഫോസ യു.എ.ഇ ഘടകം രൂപം നൽകും
ദുബൈ അന്നഹ്ദ ഹയർ കോളജ് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഫോസ ഡയമണ്ട് ഫിയസ്റ്റയുടെ ഉദ്ഘാടനം പ്രമുഖ നിയമവിദഗ്ധനും പാർലമെന്റെറിയനുമായ അഡ്വ. കപിൽ സിബൽ എം.പി നിർവഹിക്കും. അബ്ദുസ്സമദ് സമദാനി എംപി, ഡോക്ടർ ആസാദ് മൂപ്പൻ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ സംബന്ധിക്കും. രമ്യ നമ്പീശൻ, നജീം അർഷാദ്, രാജ് കലേഷ്, റിസ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറും. ദുബെയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോസ യു.എ.ഇ ഘടകം സാരഥികളായ ഡോ. അഹ്മദ്, മലയിൽ മുഹമ്മദലി, റാശിദ് കിഴക്കൻ, ജമീൽ അഹ്മദ്, റാബിയ, ജലീൽ മശ്ഹൂർ തങ്ങൾ, ഡോ. അനീസ് ഫരീദ് എന്നിവർ പരിപാടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി
ഫാറൂഖ് കോളജ്, ഫോസ സാരഥികളായ സി.പി കുഞ്ഞുമുഹമ്മദ്, കെ. കുഞ്ഞലവി, എൻ.കെ മുഹമ്മദലി, ഡോ. കെ.എം നസീർ, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. യൂസുഫലി, കോയ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇൻറർനാഷനൽ അലുംനി മീറ്റ്, സോവനീർ പ്രകാശനം, പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 75 പിന്നിടുന്ന ഫാറൂഖ് കോളജിന്റെ മുന്നേറ്റത്തിൽ ഫോസ ഘടകങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. ജൂബിലിയുടെ ഭാഗമായി നിരവധി പദ്ധതികൾക്കാണ് ഫോസ യു.എ.ഇ ഘടകം രൂപം നൽകി വരുന്നത്.
Adjust Story Font
16