പ്രളയം; പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു
സൗജന്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കാം
യുഎഇയിലെ മഴക്കെടുതിയിൽ യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി. പ്രളയ ബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിയുക. ആഗസ്റ്റ് 28 വരെയാണ് പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നത്.
ഞായറാഴ്ച കൽബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകൾ വഴി ഇതുവരെ 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്‌പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു. പൊലീസിൻറെ എഫ്.ഐ.ആറും അതിന്റെ ഇംഗ്ലീഷ് തർജമയും പാസ്‌പോർട്ടിന്റെ കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാമ്പിൽ എത്തേണ്ടത്. പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് കോൺസുലേറ്റ് ബി.എൽ.എസ് സെൻററുകളുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾക്ക് രേഖകൾ നഷ്ടമായിട്ടുണ്ട്.
നാട്ടിലെ സ്ഥലത്തിന്റെ ആധാരം പോലും നഷ്ടപ്പെട്ടവരുണ്ട്. കെ.എം.സി.സിയും ഇന്ത്യൻ അസോസിയേഷനുകളും നിരവധി സംഘടനകൾ കോൺസുലേറ്റിലെത്തി രേഖകൾ ശരിയാക്കാൻ അടിയന്തര സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലർക്കും പാസ്‌പോർട്ടിന്റെ പകർപ്പുകൾ പോലുമില്ലാത്ത അവസ്ഥയിലാണ്. നാട്ടിൽ വിളിച്ച് പഴയ പകർപ്പുകൾ അന്വേഷിക്കുകയാണിവർ. ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. പ്രളയത്തിൽ പാസ്‌പോർട്ടിന് കേടുപാട് സംഭവിച്ചവർക്കും ഇപ്പോൾ അപേക്ഷിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ പറഞ്ഞു.
flood; Indian Consulate in UAE is setting up a camp for those who have lost their passports
Adjust Story Font
16