ഈ വർഷം നാല് റോഡ് പദ്ധതികൾ; ദുബൈയിൽ ട്രാഫിക് എളുപ്പമാകും
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് കുരുക്കുകളിൽ പെടുന്നത് ഒഴിവാക്കാൻ പദ്ധതി പൂർത്തിയാകുന്നതോടെ സാധിക്കും
ദുബൈ: വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ദുബൈ നഗരത്തിൽ കൂടുതൽ റോഡ് പദ്ധതികൾ പ്രഖ്യാപിച്ച് അധികൃതർ. ഈ വർഷം മാത്രം നാല് സുപ്രധാന പദ്ധതികളാണ് ഗതാഗതം എളുപ്പമാക്കാൻ ദുബൈ റോഡ് ഗതഗാത അതോറിറ്റി പൂർത്തിയാക്കാനിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് കുരുക്കുകളിൽ പെടുന്നത് ഒഴിവാക്കാൻ പദ്ധതി പൂർത്തിയാകുന്നതോടെ സാധിക്കും.
റാസൽഖോർ, നാദ് അൽ ഹമർ റോഡുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലം ആർ.ടി.എ അടുത്തിടെയാണ് തുറന്നത്. ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് ഇതു നിർമിച്ചത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ റാസൽ ഖോർ റോഡിൽ മണിക്കൂറിൽ 10,000 വാഹനങ്ങൾ എന്ന നിലയിലേക്ക് ഉയരും. യാത്രാസമയം 20 മിനിറ്റിൽ നിന്ന് ഏഴായി കുറയുകയും ചെയ്യും. ഇതുകൂടാതെ മറ്റു നിരവധി നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ശൈഖ് സായിദ് റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ നീളുന്ന ഹെസ്സ സ്ട്രീറ്റ് പദ്ധതി. ഈ വർഷം തന്നെ ഇതിന്റെ നിർമാണം തുടങ്ങും. മർഗം, ലഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നീ റെസിഡൻഷ്യൽ ഏരിയകൾക്കായുള്ള റോഡ് ശൃംഖലയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ പദ്ധതി 2023 അവസാനത്തോടെ പൂർത്തിയാകും. സ്‌കൈഡൈവ് ദുബൈക്ക് സമീപമുള്ള ദുബൈ-അൽഐൻ റോഡിലെ പ്രദേശത്ത് 8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണമാണ് മർഗമിലെ പദ്ധതി. ഇത് 1,100-ലധികം താമസക്കാർക്ക് ഉപകാരപ്പെടും. ലഹ്ബാബിലെ പദ്ധതിയിൽ 4 കിലോമീറ്റർ നീളമുള്ള റോഡാണ് നിർമ്മിക്കുന്നത്. അൽ ലിസൈലിയിലെ ഇൻറേണൽ റോഡ് 7 കിലോമീറ്ററാണ്. ഇത് 2,900 ഓളം താമസക്കാർക്ക് ഉപകാരപ്പെടും. ഹത്തയിലെ രണ്ടു കിലോമീറ്റർ റോഡും ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടു വരും.
Four road projects this year; Traffic will be easy in Dubai
Adjust Story Font
16