Quantcast

രോഗിയായ മകനു വേണ്ടി ദുബായ് നഗരത്തിലേക്ക് ചേക്കേറിയ ഒരു ഫ്രഞ്ച് കുടുംബം

ഫ്രാന്‍സിലെ മികച്ച ആശുപത്രികളില്‍ നിന്നുള്ള പല ഡോക്ടര്‍മാരും തീര്‍ത്തും കൈയൊഴിഞ്ഞപ്പോയാണ് തങ്ങളുടെ മകന് സാധ്യമായ ഏറ്റവും മികച്ച ജീവിതം നല്‍കാന്‍ അവര്‍ ദുബായിലേക്ക് ജീവിതം പറിച്ചുനട്ടത്

MediaOne Logo

ദുബൈ: ഡോക്ടര്‍മാര്‍ കേവലം 30 വയസ് വരെ മാത്രം ആയുസ് നിര്‍ണയിച്ച അലക്സാണ്ടറിന് ജീവിക്കാന്‍ ഭൂമിയിലെ ഏറ്റവും മികച്ച സ്ഥലംതന്നെ വേണമെന്ന് ഫ്രഞ്ച് ദമ്പതികളായ ലൂസിന്‍ മെഹ്റാബിയും ഭര്‍ത്താവും തീരുമാനിച്ചപ്പോള്‍ അവരുടെ മനസില്‍ ദുബൈ എന്ന സ്വപന നഗരം മാത്രമാണ് തെളിഞ്ഞത്.

ഡുചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി (ഡിഎംഡി) എന്ന അപൂര്‍വ രോഗമാണ് ആറുവയസുമാത്രമുള്ള തങ്ങളുടെ മകനില്‍ കണ്ടെത്തിയതെന്നറിഞ്ഞപ്പോള്‍ ഏതൊരു രക്ഷിതാക്കളെയും പോലെ ഈ ദമ്പതികളും മാനസികമായി തകര്‍ന്നിരുന്നു. പക്ഷെ, വിധിയുടെ മുന്‍പില്‍ പകച്ചുനില്‍ക്കാന്‍ ഒരുക്കമല്ലെന്ന് മനസില്‍ ഉറപ്പിച്ചതോടെയാണ് ഈ കുടുംബം വീണ്ടും പ്രതീക്ഷകളുടെ ലോകം സ്വപ്‌നം കണ്ടുതുടങ്ങിയത്.

ഫ്രാന്‍സിലെ മികച്ച ആശുപത്രികളില്‍ നിന്നുള്ള പല ഡോക്ടര്‍മാരും തീര്‍ത്തും കൈയൊഴിഞ്ഞപ്പോയാണ് തങ്ങളുടെ മകന് സാധ്യമായ ഏറ്റവും മികച്ച ജീവിതം നല്‍കാന്‍ അവര്‍ ദുബായിലേക്ക് ജീവിതം പറിച്ചുനട്ടത്.

'2017 ജൂണിലാണ് തങ്ങളുടെ മകന് രോഗം സ്ഥിരീകരിക്കുന്നത്. ഇനിയും എത്രനാള്‍ അവന്‍ ജീവിക്കുമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ല. എങ്കിലും ഏറ്റവും മികച്ച ജീവിത നിലവാരമെങ്കിലും മകന് നല്‍കാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബറോടെ ഭൂമിയിലെ ഏറ്റവും മികച്ച സ്ഥലമെന്ന് വിശ്വസിക്കുന്ന ദുബായിലേക്ക് ഞങ്ങള്‍ താമസം മാറി': കോര്‍പ്പറേറ്റ് നെഗോഷ്യേറ്ററായ ലൂസിന്‍ പറയുന്നു.

അവന്റെ ആറാം ജന്മദിനത്തിലാണ് ഒരു ന്യൂറോളജിസ്റ്റ് അവന്റെ രോഗവിവരം കണ്ടെത്തിയത്. രക്തപരിശോധന, മസില്‍ ബയോപ്സി, എംആര്‍ഐ സ്‌കാന്‍, ഹാര്‍ട്ട് സ്‌കാന്‍ തുടങ്ങിയ നിരവധി പരിശോധനകള്‍ക്കൊടുവിലാണ് ഡിഎംഡിയാണ് അലക്‌സാണ്ടറിനെന്ന് സ്ഥിരീകരിക്കുന്നത്.

10 വയസ്സുള്ള അലക്സാണ്ടറിന്റെ ജീവിതമിപ്പോള്‍ വീല്‍ചെയറിലാണ്. ദിനേനയെന്നോണം പേശികള്‍ നശിച്ചുകൊണ്ടിരിക്കുന്ന അവന് പരമാവധി പ്രതീക്ഷിക്കാവുന്ന ആയുസ്സ് വെറും 30 വയസ് മാത്രമാണെന്നാണ് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. ഫിസിയോതെറാപ്പിയും, നീന്തലും, സൂര്യപ്രകാശമേല്‍ക്കലുമാണ് അവന് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ചികിത്സയെന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്.

ഫ്രാന്‍സിലെ തങ്ങളുടെ മികച്ച കരിയര്‍ ഉപേക്ഷിച്ച് ഒരു പുതിയ നഗരത്തിലേക്ക് പറിച്ചുനടുന്നത് അത്ര എളുപ്പമുള്ള കാര്യമമായിരുന്നില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം തീരുമാനത്തിനെതിരായിരുന്നു. നേരത്തെ പലതവണ ദുബായ് സന്ദര്‍ശിച്ച ഇരുവരും നഗരത്തെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. മൂന്ന് മാസത്തിനുള്ളിലാണ് എല്ലാ സൗകര്യങ്ങളും തരപ്പെടുത്തി ദുബായിലേക്ക് കൂടുമാറിയത്.

എന്റെ മകന് ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം നല്‍കാനാണ് ഞാന്‍ ആഗ്രഹിച്ചത്. സൂര്യപ്രകാശം, തെളിഞ്ഞ ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ഇങ്ങനെ ഒരു ആണ്‍കുട്ടി ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതുമെല്ലാം ദുബൈ നഗരത്തിലുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ പാരിസ് നഗരത്തെ ഒരിക്കലും താന്‍ മിസ് ചെയ്യുന്നില്ലെന്നാണ് ലൂസി പറയുന്നത്.

യു.എ.ഇയിലെ ഭരണാധികാരികളുടെ ഭരണമികവിനെയും ദുബൈ നഗരത്തിലെ ജീവിത സൗകര്യങ്ങളേയും എടുത്തു പറഞ്ഞ ലൂസിന്‍ ദുബൈ തനിക്കിപ്പോള്‍ തന്റെ വീടുപോലെയാണെന്നും ഈ നഗരം തനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷമാണ് നല്‍കുന്നതെന്നും ദേശീയ ദിനത്തില്‍ യുഎഇയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ച് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

'പ്രതീക്ഷയുടെ വീട്'

ദുബായിലെ വിക്ടറി ഹൈറ്റ്സിലാണ് ഇവര്‍ താമസിക്കുന്നത്. ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഒരു 'ഹോം ഓഫ് ഹോപ്പ്' നിര്‍മിക്കാനാണ് ഇപ്പോള്‍ ഈ ദമ്പതികളുടെ പദ്ധതി. റാമ്പുകള്‍, എലിവേറ്റര്‍, നീന്തല്‍ക്കുളം, അതിലെല്ലാമുപരി ഭിന്നശേഷി സൗഹൃദാന്തരീക്ഷം എന്നിവയെല്ലാമടങ്ങിയ ബൃഹത്തായ പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ക്കുള്ളതെല്ലാം ചിലവഴിക്കാനും ഈ ദമ്പതികള്‍ ഒരുക്കമാണ്.

അലക്സാണ്ടറിന് വേണ്ടി മാത്രമല്ല ഈ പ്രതീക്ഷയുടെ വീട് പണിയുന്നത്. ഞങ്ങളുടെ 'ഹോം ഓഫ് ഹോപ്പ്' എല്ലാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും കളിക്കാനും ആസ്വദിക്കാനുമുള്ള ഇടമായിരിക്കുമെന്നും ലൂസിന്‍ പറയുന്നു.

TAGS :

Next Story