ഇന്ധനവില കുറഞ്ഞു; പിന്നാലെ ടാക്സി നിരക്ക് കുറച്ച് ഷാർജയും അജ്മാനും
കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനനിരക്കാണ് ഇന്ന് മുതൽ യു എ ഇയിൽ നിലവിൽ വന്നത്
അബുദാബി: യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞതോടെ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ടാക്സി നിരക്കും കുറച്ചു. ഷാർജയിൽ മിനിമം നിരക്ക് ഒരു ദിർഹം കുറച്ചപ്പോൾ അജ്മാനിൽ ആറ് ശതമാനം നിരക്ക് കുറച്ചു. ഇന്ന് മുതലാണ് യു എ ഇയിൽ ഇന്ധനവില കുറച്ചത്.
കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനനിരക്കാണ് ഇന്ന് മുതൽ യു എ ഇയിൽ നിലവിൽ വന്നത്. പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും. ഊർജമന്ത്രാലയമാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. 4 ദിർഹം 3 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഇന്ന് മുതൽ 3 ദിർഹം 41 ഫിൽസാകും. സ്പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായി കുറയും.
ഇപ്ലസ് പെട്രോളിന് 3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി. ഡീസൽ വില 4 ദിർഹം 14 ഫിൽസിൽ നിന്ന് 3 ദിർഹം 87 ഫിൽസായി. പെട്രോൾ വില കുറഞ്ഞതോടെ ഷാർജയിലെ കുറഞ്ഞ ടാക്സി നിരക്ക് 15 ദിർഹം 5 ഫിൽസിൽ നിന്ന് 14 ദിർഹം 5 ഫിൽസായി. രാത്രി പത്തിന് ശേഷമുള്ള മിനിമം നിരക്ക് 17 ദിർഹം 5 ഫിൽസിൽ നിന്ന് 16 ദിർഹം അഞ്ച് ഫിൽസാക്കി. അജ്മാനിലെ ടാക്സി നിരക്ക് ആറ് ശതമാനം കുറക്കാനാണ് തീരുമാനം. ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ധനവില കുത്തനെ ഉയർന്നപ്പോഴാണ് പെട്രോൾ വിലക്ക് അനുസരിച്ച് ടാക്സി നിരക്ക് മാറ്റാൻ ആരംഭിച്ചത്. ഡീസലിനും വില കുറച്ചതിനാൽ അവശ്യസാധനങ്ങളുടെ വിലയും അടുത്തദിവസം കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Adjust Story Font
16